ഹമാസിൻ്റെ ഇസ്രയേൽ ആക്രമണത്തിൻ്റെ ഒന്നാം വാർഷികത്തിലേക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിന്റെ സൂചനകൾ. ഇറാനിലെ റവല്യൂഷണറി ഗാർഡ്സിൻ്റെ വിഭാഗമായ ഖുദ് സ് സേനയുടെ കമ്മാൻഡറെ കാണാതായി. പിന്നാലെ ഇസ്രയേലിലെ ബീർഷെബ നഗരത്തിലെ ബസ് സ്റ്റേഷനിൽ ആൾക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ മാധ്യമങ്ങൾ പറയുന്നു.
ആക്രമണം നടത്തിയ ചാവേറാണ് സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിലായിരുന്നു ഇത്. നാല് പേർ അത്യാസന്ന നിലയിലാണെന്നും മറ്റൊരാളുടെ നില മെച്ചപ്പെട്ടെന്നും മൂന്ന് പേർക്ക് നിസാര പരിക്ക് മാത്രമേയുള്ളൂവെന്നുമാണ് ഔദ്യോഗിക വിശദീകരണം.
ബെയ്റൂത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതൽ ഖുദ് സ് സേനയുടെ കമ്മാൻഡർ ഇസ്മായിൽ ഖാനിയെ കാണാതായത്. ഇദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്രള്ളയുടെ വധത്തിന് പിന്നാലെ പിൻഗാമിയായി ചുമതലയേറ്റെടുത്ത ഹാഷിം സഫീദിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
ഇസ്മായിൽ ഖാനി കൊല്ലപ്പെട്ടതായി ലെബനീസ് ഭരണകൂടം സ്ഥിരീകരിച്ചെന്നും വാർത്തകളുണ്ട്. എന്നാൽ ഇദ്ദേഹത്തെ വധിച്ചെന്ന് ഇതുവരെ ഇസ്രയേൽ അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇദ്ദേഹത്തെ ശക്തമായ സുരക്ഷാ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടാകാമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. വെള്ളിയാഴ്ച ഇറാനിൽ അയത്തൊള്ള അലി ഖമേനിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനയിൽ ഖാനിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹം എവിടെ എന്ന ചോദ്യം ഉയർന്നത്.