ഇന്ത്യയിലെ അതിവേഗ ട്രെയിനുകളുടെ വിഭാഗത്തിലേക്ക് പുതിയ താരോദയം ഉടൻ. ബിഇഎംഎല്ലുമായി സഹകരിച്ച് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് 250 കിലോമീറ്റർ വേഗതയിൽ ഓടിക്കാവുന്ന പുതിയ ഹൈ സ്പീഡ് ട്രെയിനിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. വന്ദേ ഭാരത ട്രെയിനുകളുടെ പുരോഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് രാജ്യത്ത് തദ്ദേശീയമായി നിർമ്മിക്കുന്ന പുതിയ ട്രെയിനിന്റെ വിവരം വെളിപ്പെടുത്തിയത്.
എയറോഡൈനാമിക്, എയർ ടൈറ്റ് ബോഡി, ആകർഷകമായ ഡിസൈനിലാണ് ട്രെയിനിന്റെ കോച്ചുകൾ നിർമ്മിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ട്രെയിനിലെ ചെയർ കാറുകൾക്ക് ഏറ്റവും നൂതനമായ ഫീച്ചറുകൾ ഉണ്ടായിരിക്കും. ഏറോ ഡൈനാമിക് എക്സ്റ്റീരിയർ, സീൽഡ് ഗ്യാങ് വേ, ഓട്ടോമാറ്റിക് ഡോറുകൾ, കമ്പാർട്ട്മെന്റിനകത്ത് യാത്രക്കാരുടെ കംഫർട്ട് അനുസരിച്ച കാലാവസ്ഥ സാഹചര്യം, സിസിടിവി, മൊബൈൽ ചാർജിങ് പോട്ടുകൾ, ആകർഷകമായ ലൈറ്റിംഗ്, ഫയർ സേഫ്റ്റി ഉപകരണങ്ങൾ തുടങ്ങി നിരവധി സംവിധാനങ്ങൾ ട്രെയിനിനകത്ത് ഉണ്ടായിരിക്കും എന്നും മന്ത്രി വെളിപ്പെടുത്തി.