ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം. അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ. തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെയെന്നും കോടതി പറഞ്ഞു. (Kerala High court against using elephants in temple festivals)
കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളത്ത്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമായ പ്രവൃത്തിയാണ്. ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് ആചാരമല്ലെന്നും പകരം മനുഷ്യന്റെ വാശിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്ഷേത്രക്കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നില്‍. മൂകാംബിക ശക്തി പീഠമാണ്. അവിടെ ഒരു ആന എഴുന്നള്ളത്തുമില്ല ഉള്ളത് രഥം മാത്രമാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് മിക്കപ്പോഴും എഴുന്നള്ളത്തുകള്‍ നടക്കുന്നത്. ഇത് ക്രൂരതയാണ്. ഇതിന് പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് ഉത്തരവിടുമെന്നും കോടതി പറഞ്ഞു.