
കരളിനെ ബാധിച്ച ഗുരുതര രോഗത്ത തുടർന്ന് ശനിയാഴ്ച അന്തരിച്ച മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയും സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്‌സനുമായ നികിതാ നയ്യാരുടെ കണ്ണുകൾ ദാനം ചെയ്തു. അപൂർവ രോഗത്തിന് കീഴടങ്ങിയ നികിതയുടെ അവസാന ആഗ്രഹപ്രകാരമാണ് നേത്രപടലം ദാനം ചെയ്തത്. രോഗാവസ്ഥയിൽ ഡോക്ടറോടാണ് തന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യണമെന്ന് നികിത ആവശ്യപ്പെട്ടിരുന്നത്.
കരളിലും തലച്ചോറിലും വലിയ അളവിൽ ചെമ്പ് അടിഞ്ഞുകൂടുന്ന വിൽസൺ ഡിസീസ് എന്ന അപൂർവരോഗമായിരുന്നു നികിതയ്ക്ക്. അതിനാൽ നേത്രപടലം മാത്രമാണ് ദാനം ചെയ്യാൻ കഴിഞ്ഞത്. സെന്റ് തെരേസാസ് കോളജിൽ ബിഎസ് സി സൈക്കോളജ് അവസാന വർഷ വിദ്യാർഥിയായിരുന്നു നികിതാ നയ്യാർ. എട്ടാം വയസിലാണ് നികിതക്ക് അപൂർവരോഗം പിടിപെടുന്നത്.
കരൾ മാറ്റ ശസ്ത്രക്രിയ നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് നികിതയുടെ വിയോഗം. രോഗം ബാധിച്ചു കഴിഞ്ഞ് രണ്ടുവട്ടം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ നടി ഭാവനയുടെ ബാല്യകാലം അവതരിപ്പിച്ചത് നികിതയായിരുന്നു. ഫിലിപ്‌സ് ആൻഡ് ദ് മങ്കിപെൻ, റോസ് എന്നീ ചിത്രങ്ങളിലും നികിത അഭിനയിച്ചിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നമിത മാധവികുട്ടിയുടെയും ചങ്ങനാശേരി സ്വദേശി ഡോണി തോമസിന്റെയും മകളാണ് നികിതാ നയ്യാർ. സംസ്‌കാരം കൊച്ചിയിൽ നടത്തി.