
ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി മാപ്പ് ചോദിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് ക്ഷോഭിച്ചതാണ്. ഡോക്ടർമാരുടെ സമൂഹത്തെ താൻ മാനിക്കുന്നുവെന്നും ഡോക്ടർക്ക് വേദന ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.
ഗോവ മെഡിക്കൽ കോളജിൽ ഇന്നലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രോഗിയുടെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ആരോഗ്യമന്ത്രി ശാസിച്ചു. ഉടനെ തന്നെ ഡോക്ടറെ സസ്പെൻഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. വിശദീകരണം തന്നാലും താൻ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയിൽ തിരികെ എടുക്കില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തി.
അതേസമയം, മന്ത്രിയുടേത് അധികാര ദുർവിനിയോഗം എന്ന് ഗോവ കോൺഗ്രസ് വിമർശിച്ചു. മന്ത്രിയുടെ മാനസിക നില പരിശോധിക്കണമെന്നും കോൺഗ്രസ് ആരോഗ്യപ്രവർത്തകരോടൊപ്പം എന്നും ഗോവ പിസിസി അധ്യക്ഷൻ അമിത് പാട്കർ പറഞ്ഞിരുന്നു.