
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞാമ്പാറയില്‍ അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു. ഇന്നലെയാണ് പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിന്‍മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കൊഴിഞ്ഞാമ്പാറ സ്‌കൂളിന് മുന്നിലെ കുഴിയില്‍ പെട്ട ഇരുചക്ര വാഹനത്തില്‍ നിന്ന് വീണ ജയന്തി മാര്‍ട്ടിന്റെ ശരീരത്തിലൂടെ ചരക്ക്‌ലോറി കയറി ഇറങ്ങി. മൃതദേഹം ചതഞ്ഞരഞ്ഞു. വീലുകള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹം ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. റോഡിലെ കുഴി സംബന്ധിച്ച് പല കുറി പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ പോയതാണ് മരണത്തിനിടെ ആക്കിതന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് ടാര്‍ ചെയ്യാത്ത പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. കുഴിയില്‍ വാഴനട്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
ദേശീയപാതയുടെ ക്രെഡിറ്റ് എടുക്കാന്‍ നടക്കുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്വന്തം റോഡിലെ കുഴികള്‍ എങ്കിലും അടക്കാന്‍ ശ്രമിക്കണമെന്നാണ് ബിജെപിയുടെ പരിഹാസം.
റോഡിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.