പി വി അൻവറിനെതിരെ വീണ്ടും വിമർശനവുമായി സിപിഐഎം. അൻവർ സിപിഐഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അൻവറിന് സ്ഥാപിത താൽപര്യമെന്നും സെക്രട്ടറി ആരോപിച്ചു. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ഗോവിന്ദന്റെ വിമർശനം.
അൻവർ ഉന്നയിച്ചതിൽ ചിലത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. സാമാന്യ മര്യാദ പാലിക്കാതെയാണ് പരസ്യപ്രസ്താവന നടത്തിയത്. പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ഇടതുപക്ഷത്തിനും, എതിരെ നീങ്ങുകയാണ് അദ്ദേഹം. ഇതിലൂടെയൊന്നും പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്നും സെക്രട്ടറി ലേഖനത്തിൽ പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ ലേഖനത്തിന്റെ അവസാന ഭാഗത്താണ് അൻവറിനെതിരായ വിമർശനം സെക്രട്ടറി എഴുതിയത്.
അതേസമയം പി വി അൻവർ എംഎൽഎ രണ്ടും കൽപ്പിച്ചാണ്. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയാണ് പി വി അൻവർ. മുഖ്യമന്ത്രി ദേശീയ മാധ്യമത്തിന് നൽകിയ ഇൻ്റർവ്യൂ ആണ് അൻവറിൻ്റെ പുതിയ തുറുപ്പ് ചീട്ട്. മലപ്പുറത്തെയും , ഒരു സമുധായത്തെയും മോഷമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി കേരളത്തിലെ മുൻനിര മാധ്യമങ്ങളെ ഒഴിവാക്കി ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയതെന്നാണ് ആരോപണം. ഇന്നലെ കോഴിക്കോട് നടന്ന മാമി തിരോധാന കേസ് വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും,എഡിജിപി എം ആർ അജിത് കുമാറിനെയും കടന്നാക്രമിക്കുകയാണ് പിവി അൻവർ.മുതലക്കുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് അൻവറിനെ കേൾക്കാനായി എത്തിയത്.
അതിനിടെ നാളെ അരീക്കോടും, മറ്റന്നാൾ മഞ്ചേരിയിലും നിശ്ചയിച്ച രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ മാറ്റിവെച്ചതായി പി വി അൻവർ ഫെയ്സ് ബുക്കിൽ അറിയിച്ചു.തൊണ്ടയിൽ അണുബാധയെ തുടർന്ന് ഡോക്ടേഴ്സ് വിശ്രമം നിർദേശിച്ചാണ് പരിപാടിമാറ്റാൻ കാരണം.അടുത്ത പൊതുയോഗത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കും.അൻവറിനെ കേൾക്കാൻ ആളുണ്ട് എന്നുള്ളത് ഇടതുപക്ഷത്തെ സംബന്ധിച്ച വലിയ വെല്ലുവിളിയാണ്.
\