ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ആഗോള പ്രദര്ശനമായ ഖത്തർ പതിനഞ്ചാമത് മില്ലിപോൾ പ്രദർശനത്തിന് ഒക്ടോബർ 29ന് ദോഹയിൽ തുടക്കമാകും.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ 29,30,31 തിയ്യതികളിലായി ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് പ്രദർശനം നടക്കുക.ഞായറാഴ്ച ആഭ്യന്തര മന്ത്രാലയം വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.250-ലധികം കമ്പനികളും 350 ഔദ്യോഗിക പ്രതിനിധികളും പ്രദർശനത്തിൽ പങ്കെടുക്കും.
ലോകമെമ്പാടുമുള്ള മുതിർന്ന സുരക്ഷാ നേതാക്കൾ, വിദഗ്ധർ, സ്പെഷ്യലിസ്റ്റുകൾ, ആഭ്യന്തര സുരക്ഷയില്‍ വൈദഗ്ധ്യം നേടിയ പ്രമുഖ ആഗോള കമ്പനികള്‍ എന്നിവരോടൊപ്പം സൗഹൃദ, സഖ്യ രാജ്യങ്ങളില്‍ നിന്നുള്ള ആഭ്യന്തര മന്ത്രിമാരും മിലിപോളില്‍ പങ്കെടുക്കും.’സാങ്കേതിക വിദ്യ സുരക്ഷാ സേവനത്തിൽ’എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പ്രദർശനം.
മിലിപോള്‍ ഖത്തര്‍ കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് അല്‍ താനി പ്രദര്‍ശനത്തെ കുറിച്ച് വിശദീകരിച്ചു.ആറ് പ്രധാന അന്താരാഷ്ട്ര പവലിയനുകള്‍ക്കൊപ്പം ആഭ്യന്തര സുരക്ഷയില്‍ വൈദഗ്ധ്യമുള്ള 250-ലധികം അന്താരാഷ്ട്ര, ദേശീയ കമ്പനികള്‍ അവതരിപ്പിക്കുന്ന ആഗോള ഇവന്റിന്റെ പുതിയ പതിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. വര്‍ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികള്‍, ഖത്തര്‍ ദേശീയ ദര്‍ശനം 2030-നൊപ്പം രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. സൈബര്‍ സുരക്ഷ, സിവില്‍ ഡിഫന്‍സ്, എയര്‍പോര്‍ട്ട്, ബോര്‍ഡര്‍ സെക്യൂരിറ്റി തുടങ്ങിയ വിവിധ സുരക്ഷാ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും പ്രദര്ശനത്തോടനുബന്ധിച്ച് നടക്കും.
എക്‌സിബിഷന്റെ ആഗോള പ്രാധാന്യം വ്യക്തമാക്കുന്ന 350-ലധികം ഔദ്യോഗിക പ്രതിനിധികളുടെ റെക്കോര്‍ഡ് പ്രാതിനിധ്യംഇത്തവണ ഉണ്ടാകുമെന്ന് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് അല്‍ താനി അറിയിച്ചു. ഉന്നതതല പ്രതിനിധികള്‍, സൈനിക, സുരക്ഷാ നേതാക്കള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്താനും കമ്പനികളുമായുള്ള കരാറുകൾ സുഗമമാക്കാനും പ്രദർശനം അവസരമൊരുക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ ഇന്റേണല്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി എന്ന തലക്കെട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) സംബന്ധിച്ച അസാധാരണമായ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഒക്ടോബര്‍ 29, 30 തിയ്യതികളില്‍ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. എ ഐ, സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍, സുരക്ഷാ പ്രവര്‍ത്തനങ്ങളിലെ എ ഐ, എ ഐ ധാര്‍മ്മികത, എ ഐ ഉയര്‍ത്തുന്ന സുരക്ഷാ അവസരങ്ങളും വെല്ലുവിളികളും എന്നിങ്ങനെ നാല് പ്രധാന പ്രമേയങ്ങളില്‍ എ ഐ കണ്ടുപിടിത്തങ്ങളും ധാര്‍മ്മികതയും വിദഗ്ധര്‍ അവതരിപ്പിക്കും.