ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായക താരങ്ങളിലൊരാള്‍ പ്രഭാസ് ആണ്
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായക നടന്മാരില് പ്രധാനിയാണ് പ്രഭാസ്. ബാഹുബലി ഫ്രാഞ്ചൈസിയാണ് ഇതിന് കാരണം. പ്രഭാസിനും രാജമൌലിക്കും മാത്രമല്ല, തെലുങ്ക് സിനിമാ മേഖലയ്ക്ക് തന്നെ വലിയ ബ്രേക്ക് നേടിക്കൊടുത്ത ചിത്രങ്ങളായി മാറി ബാഹുബലി ഒന്നും രണ്ടും. അതോടെ പ്രഭാസ് ചിത്രങ്ങളുടെ കാന്‍വാസും ബജറ്റുമൊക്കെ വര്‍ധിച്ചു. ഒപ്പം അദ്ദേഹത്തിന്റെ പ്രതിഫലവും.
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായക താരങ്ങളിലൊരാള്‍ പ്രഭാസ് ആണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഒന്നായ സ്പിരിറ്റിന്റെ ബജറ്റ് കണക്ക് പുറത്തെത്തിയിരിക്കുകയാണ്. അനിമല്‍ സംവിധായകന് സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഗ് സ്കെയിലില്‍ ചിത്രങ്ങളൊരുക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് സന്ദീപ് വാംഗ. അനിമലിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്റെ ഫ്രെയിമില്‍ പ്രഭാസിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
അതേസമയം സ്പിരിറ്റ് കൂടാതെ മറ്റ് ചിത്രങ്ങളും പ്രഭാസിന്റെ അപ്കമിംഗ് ലിസ്റ്റില്‍ ഉണ്ട്. മാരുതിയുടെ രചനയിലും സംവിധാനത്തിലും എത്തുന്ന രാജാസാബ് ആണ് ഇതില്‍ ആദ്യം എത്തുക. റൊമാന്റിക് കോമഡി ഹൊറര്‍ ചിത്രത്തില്‍ നിധി അഗര്‍വാളും മാളവിക മോഹനനും റിധി കുമാറും മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫൌജി ആണ് മറ്റൊരു ചിത്രം. അതേസമയം ബാഹുബലിക്ക് ശേഷം എത്തിയ പ്രഭാസ് ചിത്രങ്ങള്‍ നിരനിരയായി പരാജയപ്പെട്ടിരുന്നു. എന്നാല്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറിലൂടെ പ്രഭാസ് ട്രാക്കിലേക്ക് തിരിച്ചെത്തി. കല്‍ക്കി 2898 എഡിയും മികച്ച വിജയമായിരുന്നു. 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം.