ശാലിനി ആരോഗ്യം വീണ്ടെടുക്കുന്നതിന് അനുസരിച്ച് സിനിമയുടെ ചിത്രീകരണത്തിനായി അജിത്ത് വീണ്ടും പോകും.
നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ശാലിനി. അതുകൊണ്ട് തന്നെ താരത്തിന്റെ വാർത്തകൾ അറിയാൻ മലയാളികൾക്ക് ഏറെ താല്പര്യവുമാണ്. പ്രത്യേകിച്ച് ഭർത്താവും നടനുമായ അജിത്തിനൊപ്പമുള്ള വാർത്തകൾ അറിയാൻ. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലെങ്കിലും ശാലിനി പങ്കിടുന്ന ഫോട്ടോകൾ ഞൊടിയിട കൊണ്ട് വൈറൽ ആകാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചൊരു ഫോട്ടോയാണ് ആരാധകർക്ക് ഇടയിലെ ചർച്ചാ വിഷയം.
ആശുപത്രി കിടക്കയിൽ അജിത്തിന്റെ കയ്യും പിടിച്ചിരിക്കുന്ന ശാലിനിയാണ് ഫോട്ടോയിൽ ഉള്ളത്. ‘എന്നേക്കും നിന്നെ സ്നേഹിക്കുന്നു’, എന്ന ക്യാപ്ഷനും ശാലിനി ഫോട്ടോയ്ക്ക് നൽകിയിട്ടുണ്ട്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ താരപത്നിയ്ക്ക് എന്ത് പറ്റി എന്ന ചോദ്യവുമായി ആരാധകരും രംഗത്ത് എത്തി. കമന്റുകൾ ഏറെയും അസുഖ വിവരം തിരക്കിയുള്ളതാണ്.
കഴിഞ്ഞ ദിവസം ശാലിനിക്ക് ഒരു സർജറി ഉണ്ടായിരുന്നു. ചെന്നൈയിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ ആണ് ചികിത്സ. ശസ്ത്രക്രിയയ്ക്ക് വിധേയയായ ശാലിനി ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ഇക്കാര്യം വൈകാതെ ഔദ്യോഗികമായി പുറത്തുവിടാൻ സാധ്യതയുണ്ടെന്നും താര ദമ്പതികളുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ശാലിനി ഒപ്പറേഷന് വിധേയയായപ്പോൾ അജിത്ത് അസർബൈജാനിൽ ആയിരുന്നു. വിടാമുയർച്ചി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവിടെ ആണ് നടക്കുന്നത്. എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവച്ച് ശാലിനിയ്ക്ക് അടുത്തേക്ക് അജിത്ത് എത്തുക ആയിരുന്നു. ശാലിനി ആരോഗ്യം വീണ്ടെടുക്കുന്നതിന് അനുസരിച്ച് സിനിമയുടെ ചിത്രീകരണത്തിനായി അജിത്ത് വീണ്ടും പോകുമെന്നും റിപ്പോർട്ടുണ്ട്.