“തമിഴിൽ ഒരു പുതിയ പ്രവണതയുണ്ട്. അവിടുത്തെ ആസ്വാദകർക്ക് മലയാളത്തിലെ അഭിനേതാക്കളോട് പ്രത്യേക ഇഷ്ടമുണ്ട്.”
പ്രഭുദേവയെ നായകനാക്കി മലയാളി സംവിധായകൻ എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ്പ് സെപ്റ്റംബർ 27-ന് തീയേറ്ററുകളിൽ എത്തുകയാണ്. മലയാളത്തിൽ ജിബൂട്ടി, തേര് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സിനുവിന്റെ ആദ്യ തമിഴ് ചിത്രമാണ് പേട്ട റാപ്പ്.
രണ്ട് മലയാള സിനിമകൾക്ക് ശേഷം ഒരു തമിഴ് ചിത്രം. എങ്ങനെയാണ് തമിഴിലേക്കുള്ള വഴി തെളിഞ്ഞത്?
തമിഴിൽ പറ്റിയ ഒരു വിഷയം വന്നതുകൊണ്ടാണ് ഈ സിനിമ സംഭവിക്കുന്നത്. സത്യത്തിൽ മലയാളത്തിൽ തന്നെ നിൽക്കാനുള്ള ചിന്തയിലായിരുന്നു. ഈ സിനിമയുടെ കഥ കേട്ടപ്പോൾ, ഇതൊരു മ്യൂസിക്കൽ-കോമഡി സിനിമയാണ്. കുറച്ച് ഡാൻസ് നമ്പറുകൾ സ്ക്രിപ്റ്റിലുണ്ടായിരുന്നു. പിന്നെ നടൻ പ്രഭുദേവയുടെ ജീവിതവുമായി ചില സാമ്യങ്ങളുണ്ട്. അപ്പോൾ പിന്നെ വേറൊരാളെ ഈ വേഷത്തിലേക്ക് ചിന്തിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു ശ്രമം നടത്തി നോക്കിയതാണ്, ഭാഗ്യം കൊണ്ട് പ്രഭുദേവയിലേക്ക് എത്തപ്പെട്ടു. വളരെ വേഗത്തിലാണ് ഈ സിനിമയുടെ പണികൾ തുടങ്ങിയത്. വലിയ പ്ലാൻ നടത്തി ഒരു തമിഴ് സിനിമ എടുത്തതല്ല.
പേട്ട റാപ്പ് ട്രെയിലറിൽ നിന്നും ഇത് ഒരു നടനാകാനുള്ള ഒരു വ്യക്തിയുടെ യാത്ര പോലെ തോന്നുന്നു. അതാണോ സിനിമയുടെ ഉള്ളടക്കം?
ഇത് സിനിമയ്ക്ക് ഉള്ളിലെ സിനിമയല്ല. ചില ഭാഗങ്ങളിൽ മാത്രമേ അതുള്ളൂ. ഇത് ഒരു വ്യക്തിയുടെ ജീവിതരേഖയാണ്. വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ഒരാൾ. പേര് ബാല. അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ. അതിൽ ഹ്യൂമറുണ്ട്. അല്ലാതെ നമ്മൾ സ്ഥിരം കാണുന്നത് പോലെ ഒരാളുടെ മൂവിസ്റ്റാർ ആകാനുള്ള ശ്രമമൊന്നുമല്ല.