ഓരോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
ത്രസിപ്പിക്കുന്ന വരികളും ഈണവും ആലാപനവുമായി ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വഴികൾ മാറുന്നു ആരുണ്ടെതിരെ നിൽക്കാൻ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും മലയാളത്തിലെ റാപ്പ് സെൻസേഷനായ വേടൻ ആണ്. രതീഷ് ശേഖറാണ് സംഗീത സംവിധാനം. വെല്ലുവിളികളെ മറികടന്ന് വിജയ തീരമണിയാൻ ആസ്വാദക ഹൃദയങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഗാനം.
ഓരോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ അനൂപ് മേനോനെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ടീസറിൽ നിന്ന് അറിയാനാകുന്നത്. പണം, അധികാരം കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്. ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകൾ.