വർഷങ്ങൾക്കു ശേഷം എന്ന ചിത്രമാണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
കുട്ടിക്കാലം മുതൽ മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടൻ പ്രണവിന്റേത്. മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ പ്രണവ് ഇന്ന് വിരലിൽ എണ്ണാവുന്നതെങ്കിലും നിരവധി സിനിമകളിൽ നായകനായി എത്തിക്കഴിഞ്ഞു. എന്നാൽ സിനിമയെക്കാൾ ഏറെ യാത്രയെ പ്രണയിക്കുന്ന ആളാണ് പ്രണവ് എന്ന് ഏവർക്കും അറിവുള്ള കാര്യവുമാണ്. എന്നാൽ ഇനി അഭിനയവും യാത്രകളും മാത്രമല്ല സാഹിത്യത്തിലും ഒരു കൈ നോക്കാൻ തയ്യാറെടുക്കുക ആണ് താരപുത്രൻ.
സഹോദരി വിസ്മയയുടെ വഴിയെ ആണ് പ്രണവും ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്. താൻ ഒരു കവിത എഴുതുകയാണ് എന്നാണ് പ്രണവ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പ്രണവ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയും ചെയ്തിരുന്നു. പ്രണവിന്റെ കവിതാ സമാഹാരം ഉടൻ പുറത്തിറങ്ങും.
‘ലൈക്ക് ഡെസേർട്ട് ഡ്യൂൺസ്’ എന്നാണ് കവിതാ സമാഹാരത്തിന്റെ പേര്. ഇതിന്റെ പുറംചട്ടയുടെ ഫോട്ടോയും പ്രണവ് പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ചേട്ടന് എല്ലാവിധ സപ്പോർട്ടും നൽകി കൊണ്ടുള്ള ഇമോജികളാണ് വിസ്മയ കമന്റ് ബോക്സിൽ കൊടുത്തിരിക്കുന്നത്. അതേസമയം, ഇതിനായിരുന്നോ മലയും കുന്നും കാടും കയറി ഇറങ്ങിയതെന്നും എന്തായാലും പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകൾ എന്നും പ്രണവ് ആരാധകർ കുറിക്കുന്നുണ്ട്.
വിസ്മയ നേരത്തെ ഒരു കവിതാ പുസ്തകം പുറത്തിറക്കിയിരുന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ‘നക്ഷത്രധൂളികൾ’ എന്ന പേരിൽ പുസ്തകം തർജിമ ചെയ്യുകയും ചെയ്തിരുന്നു. അമിതാഭ് ബച്ചൻ അടക്കുമുള്ളവർ അന്ന് വിസ്മയയ്ക്ക് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.