
തന്നെ ഇനി ജയം രവി എന്ന പേരിൽ അഭിസംബോധന ചെയ്യരുതെന്ന് ജയം രവി. തന്റെ യഥാർത്ഥ പേരായ രവി മോഹൻ എന്ന പേര് വേണം ഇനി മുതൽ തന്നെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കേണ്ടത്. ജയം രവിയും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാദലിക്ക നേരമില്ലയ് എന്ന ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കുമ്പോൾ ആണ് നടന്റെ പ്രഖ്യാപനം.
ഒപ്പം രവി മോഹൻ പ്രൊഡക്ഷൻസ് എന്ന തന്റെ പുതിയ പ്രൊഡക്ഷൻ കമ്പനിയും ജയം രവി ലോഞ്ച് ചെയ്തു. ഒപ്പം രവി മോഹൻ ഫാൻസ് ഫൌണ്ടേഷൻ എന്ന പേരിൽ ഒരു ഫാൻ ക്ലബ് രൂപപ്പെടുത്തി എന്നും അത് സമൂഹത്തിനു ആവശ്യമായ സഹായവും പോസിറ്റീവ് ഇമ്പാക്റ്റ്കളും ഉണ്ടാക്കാൻ യത്നിക്കും എന്നും നടൻ തന്റെ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.
ഒപ്പം സോഷ്യൽ അക്കൗണ്ടുകളുടെ പ്രൊഫൈൽ പിക്ചറും താരം അപ്ഡേറ്റ് ചെയ്തു. പ്രൊഫൈൽ പിക്‌ചറിൽ നടന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതായും കാണാം. ജയം രവിക്കെന്ത് പറ്റിയെന്നു അന്വേഷിച്ചും പേര് മാറ്റത്തിൽ പ്രതിഷേധിച്ചും ആരാധകർ പോസ്റ്റിനു കീഴിൽ കമന്റ്റ് ചെയ്തിട്ടുണ്ട്.
സഹോദരൻ കൂടിയായ മോഹൻ രാജയുടെ സംവിധാനത്തിൽ 2003 റിലീസ് ചെയ്ത ജയം എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വലിയ വിജയം നേടുകയും ചിത്രത്തിന്റെ പേര് തന്റെ പേരിനോട് ചേർക്കുകയുമായിരുന്നു.
കിറുത്തിഗ ഉദയനിധി സ്റ്റാലിൻ സംവിധാനം ചെയുന്ന കാദലിക്ക നേരമില്ലയ്‌യിൽ ആവും ജയം രവി എന്ന പേര് സ്‌ക്രീനിൽ തെളിയുക എന്നാണു റിപ്പോർട്ടുകൾ. ഇപ്പോൾ സുധ കോങ്കാര സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷൻ ചിത്രത്തിൽ ശിവകാർത്തികേയന്റെ വില്ലനായി അഭിനയിക്കുകയാണ് ജയം രവി.