ഗോര്‍ഡോണ്‍ റാംസെ യൂറോപ്പിലെ സെലിബ്രിറ്റി ഷെഫ് ആണ്. ടെലിവിഷന്‍ അവതാരകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും ഈ 57 കാരന്‍ പ്രസിദ്ധനാണ്. ഫാദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് റാംസെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പും വീഡിയോയും വലിയ വാര്‍ത്ത പ്രധാന്യം നേടിയിരിക്കുകയാണിപ്പോള്‍. ”എല്ലാ അച്ഛന്‍മരോടും ഒരു പ്രധാനപ്പെട്ട സന്ദേശം പങ്കുവെക്കാനുണ്ട്. ഹെല്‍മറ്റ് ധരിക്കൂ. ഈ ആഴ്ച ഞാന്‍ ഒരു ബൈക്ക് അപകടത്തില്‍പ്പെട്ടു.
എനിക്ക് കുഴപ്പമൊന്നുമില്ല…എല്ലുകള്‍ക്ക് ഒടിവില്ല, പറയത്തക്ക പരിക്കുകളും ഇല്ല. എന്നാല്‍ ഉരുളക്കിഴങ്ങ് ചതഞ്ഞതുപോലെ ശരീരത്തില്‍ കുറച്ച് ഭാഗം ചതഞ്ഞിട്ടുണ്ട്. പര്‍പ്പ്ള്‍ കളറിലാണ് ഇപ്പോള്‍ ആ ഭാഗം. എന്നെ പരിചരിച്ച ന്യൂ ലണ്ടനിലെ ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും മറ്റു ജീവനക്കാരോടുമെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും.
അതിലെല്ലാം ഉപരി എന്റെ ജീവന്‍ രക്ഷിച്ച ഹെല്‍മെറ്റിനോട് ആണ് ഞാന്‍ ഏറ്റവും കുടുതല്‍ നന്ദിയുള്ളവനായിരിക്കുക. എല്ലാവര്‍ക്കും ഒരു മഹത്തായ പിതൃദിനം ആശംസിക്കുന്നു. സുരരക്ഷിതരായിരിക്കുക. ഹെല്‍മറ്റ് ധരിച്ചില്ലായിരുന്നുവെങ്കില്‍ ഇത് പറയാന്‍ ഞാന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. എനിക്ക് വേദനയുണ്ട്. അങ്ങേയറ്റത്തെ പ്രയാസത്തിലൂടെ കടന്നുപോകുകയാണ്” ഇതാണ് റാംസെ പോസ്റ്റ് ചെയ്ത കുറിപ്പ്.
ഇതിനകം ലക്ഷണ കണക്കിന് പേര്‍ കണ്ട ഈ വീഡിയോ യൂറോപ്യന്‍ മാധ്യമങ്ങളും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പരിക്കേറ്റ തന്റെ വയറും കാണിക്കുന്നുണ്ട്. ഹെല്‍മറ്റ് അപകടത്തിന് മുമ്പും ശേഷവും എന്നുള്ള ഫോട്ടോയും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണക്റ്റിക്കട്ടിലായിരുന്നു അപകടം. യാത്ര എത്ര കുറഞ്ഞ ദൂരത്തേക്ക് ആണെങ്കിലും കുട്ടികള്‍ കൂടെയുണ്ടെങ്കിലും ഹെല്‍മറ്റ് ധരിക്കുക എന്നത് അതീവ പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണ്. റാംസെ ഓര്‍മ്മിപ്പിക്കുന്നു.