വിജയകുമാരി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ശബ്ദം കേട്ടെത്തിയ ചന്ദ്രശേഖരന്‍ നായര്‍ക്ക് നേര മോഷ്ടാവ് കത്തിവീശി. ഇതിനിടയില്‍ വിജയകുമാരിയുടെയും ചന്ദ്രശേഖരന്‍ നായരുടെയും കൈകളില്‍ മുറിവേറ്റു
കോഴിക്കോട്: പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ അഞ്ച് പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവര്‍ന്നു. കോഴിക്കോട് ഒളവണ്ണയില്‍ താമസിക്കുന്ന ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ വിജയകുമാരിയുടെ മാലയാണ് കവര്‍ന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.50 ഓടെയാണ് മോഷണം നടന്നതെന്ന് പന്തീരാങ്കാവ് പോലീസ് പറഞ്ഞു. ചന്ദ്രശേഖരന്‍ നായര്‍ വീട്ടിലെ വളര്‍ത്തുനായയുമായി പുറത്ത് നടക്കാനിറങ്ങിയ തക്കത്തിനാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കയറിയത്. ഈ സമയം വിജയകുമാരി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. അകത്തു കയറിയ മോഷ്ടാവ് കയ്യിലുണ്ടായിരുന്ന കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
വിജയകുമാരി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ശബ്ദം കേട്ടെത്തിയ ചന്ദ്രശേഖരന്‍ നായര്‍ക്ക് നേര മോഷ്ടാവ് കത്തിവീശി. ഇതിനിടയില്‍ വിജയകുമാരിയുടെയും ചന്ദ്രശേഖരന്‍ നായരുടെയും കൈകളില്‍ മുറിവേല്‍ക്കുകയായിരുന്നു. നാട്ടുകാര്‍ എത്തുന്നതിന് മുന്‍പ് തന്നെ പ്രതി മാലയുമായി സംഭവ സ്ഥലത്ത് തനിന്ന് കടന്നുകളഞ്ഞു. റെയിന്‍കോട്ടും മാസ്‌കും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് വിജയകുമാരി പോലീസിനെ അറിയിച്ചു. പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടുക്കളയിൽ പമ്മിയെത്തി, മുളക് പൊടി കണ്ണിലിട്ട് മാലപൊട്ടിച്ചു
തിരുവനന്തപുരം വര്‍ക്കലയിൽ പട്ടാപ്പകൽ വീടിനകത്ത് കയറി വൃദ്ധയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വര്‍ണമാല മോഷ്ടിച്ച യുവാവ് പിടിയിൽ. വർക്കല ഇലകമണ്ണിൽ ആണ് സംഭവം. മോഷണം നടന്ന് അര മണിക്കൂറിനുള്ളിൽ പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. വൃദ്ധയുടെ അയൽവാസിയായ ആരോമൽ എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇലകമൺ ബിന്ദു നിവാസിൽ 64 കാരിയായ സുലഭയുടെ സ്വർണ്ണമാലയാണ് അയൽവാസിയായ യുവാവ് മോഷ്ടിച്ചത്. .
മകളുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങവേ, വീടിന്റെ അടുക്കള ഭാഗത്ത് കൂടി എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മുളക് പൊടി വീട്ടമ്മയുടെ കണ്ണിൽ വിതറുകയും തോർത്തു കൊണ്ട് മുഖം മൂടുകയും ചെയ്തു. ഇതിനു ശേഷം മൂന്നേ മുക്കാൽ പവൻറെ സ്വർണ മാല പൊട്ടിച്ച ശേഷം നിമിഷങ്ങൾക്കുള്ളിൽ യുവാവ് ഓടി മറഞ്ഞു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അയിരൂർ പൊലീസിൽ അറിയിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അയിരൂർ പൊലീസ് പ്രതിയെ പിടികൂടാനെടുത്ത് അരമണിക്കൂർ മാത്രമാണ്.
മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടില്ലെന്ന് സുലഭ പറഞ്ഞെങ്കിലും അയൽവാസിയായ യുവാവിനെ സംശയം ഉണ്ടെന്ന് പോലീസിനോട് പറഞ്ഞു. കയ്യിൽ കരുതിയിരുന്ന മുളകുപൊടി അടങ്ങിയ പൊതി അടുക്കള വാതിലിൽ വച്ചതിനുശേഷം അല്‍പ്പം കയ്യിൽ എടുത്താണ് കൃത്യം നടത്താനായി പ്രതി സുലഭയുടെ കണ്ണിൽ തേച്ചത്. പരിസരത്ത് തെരച്ചിൽ നടത്തിയ പൊലീസ് പേപ്പറിന്‍റെ പകുതി ഭാഗം തൊട്ടടുത്ത വീട്ടിൽ നിന്നും കണ്ടെടുത്തു. തുടര്‍ന്ന് വീട്ടിനുള്ളിലെ തെരച്ചിലിൽ അയല്‍വാസിയായ ആരോമലിനെ പിടികൂടുകയായിരുന്നു. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ആഡംബര ബൈക്കിൽ നിന്നും മോഷ്ടിച്ച മാല പോലീസ് കണ്ടെടുക്കുകയും ചെയ്തു.