
തിരുവനന്തപുരം PMG-യിൽ ഇരുചക്ര വാഹന ഷോറൂമിലെ തീപിടുത്തത്തിൽ കേസെടുത്ത് പൊലീസ്. രണ്ട് കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി ഫൊറൻസിക് സംഘം പരിശോധന നടത്തും. ഇന്ന് പുലർച്ചെയാണ് തീപിടുത്തം. തീപിടുത്തത്തിൽ പത്തോളം വാഹനങ്ങൾ കത്തി നശിച്ചു
പുലർച്ചെ മൂന്നരയോടെ സെക്യൂരിറ്റി ജീവനക്കാരനാണ് ഉഗ്ര ശബ്ദം കേട്ടത്. പിന്നാലെ താഴത്തെ നിലയിൽ നിന്ന് മുകളിലേക്ക് തീ പടർന്നു. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ താഴെ വാഹനങ്ങളും മുകളിൽ ടയറും സ്പെയർ പാർട്സ് ഉപകരണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇതിനൊപ്പം ഡീസലും പെട്രോളും മുറിയിൽ സൂക്ഷിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീ അണക്കാൻ മൂന്നര മണിക്കൂറിലേറെ സമയമെടുത്തു. കെട്ടിടത്തിന്റെ നിർമ്മാണ രീതി സംബന്ധിച്ചുള്ള കാര്യത്തിലും വിശദമായ പരിശോധന നടത്തും. അപകടമുണ്ടായാൽ രക്ഷപെടാൻ പാകത്തിലുള്ള സൗകര്യം കെട്ടിടത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് കണ്ടെത്തി.