
അവെനിസ്, ബര്‍ഗ്മാന്‍ സ്‌കൂട്ടറുകളുടെ 2025 മോഡൽ വിപണിയിലെത്തിച്ച് സുസുക്കി. ഒബിഡി-2ബി നിലവാരത്തിലുള്ള എഞ്ചിൻ ഉപയോഗിച്ച് സുസുക്കി അവെനിസും സുസുക്കി ബർഗ്മാൻ സ്ട്രീറ്റും പുതുക്കി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം തലമുറ ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്‌സ് സിസ്റ്റംസ് എന്നാണ് ഒബിഡി2 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാ മോഡലുകളിലും ഒബിഡി-2ബി നിലവാരത്തിലുള്ള വ്യാപിപ്പിക്കുകയെന്ന സുസുക്കിയുടെ നീക്കമാണ് പുതിയ മോഡലുകളിലും ഈ മാറ്റം എത്തിച്ചിരിക്കുന്നത്. വി-സ്ട്രോം, ജിക്‌സർ SF 250, ജിക്‌സർ 250, ജിക്‌സർ SF, ജിക്‌സർ എന്നിവയുൾപ്പെടെ കമ്പനിയുടെ മുഴുവൻ വാഹന നിരയും ഇപ്പോൾ OBD-2B നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്.
പുതുക്കിയ സുസുക്കി അവെനിസിന് കരുത്ത് പകരുന്നത് അലൂമിനിയം 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ 124.3 സിസി എഞ്ചിനാണ്. അവെനിസിന്റെ സ്റ്റാൻഡേർഡ് മോഡലുകൾ നാല് കളർ ഓപ്ഷനുകളിലാണ് വാങ്ങാനാവുക. ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ മിറാ റെഡ്, ചാംപ്യന്‍ യെല്ലോ വിത്ത് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ ഗ്ലൈസര്‍ വൈറ്റ് ആന്റ് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. 93,200 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മാറ്റ് ടൈറ്റാനിയം സിൽവർ ഉള്ള ഒരു പുതിയ സ്പെഷ്യൽ എഡിഷനും 94,000 രൂപയുടെ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്.
ബർഗ്മാൻ സ്ട്രീറ്റ് മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന്റെ കാര്യത്തിലേക്ക് വന്നാൽ 95,800 രൂപയാണ് ഇതിന് വരുന്ന പ്രാരംഭ വില. മോഡലിന്റെ ടോപ്പ് വേരിയന്റ് വാങ്ങണമെങ്കിൽ 1,16,200 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് എഡിഷൻ, റൈഡ് കണക്ട് എന്നീ രണ്ട് വേരിയന്റുകളിലാണ് ബർഗ്മാൻ സ്ട്രീറ്റ് എത്തുന്നത്. അടിസ്ഥാന വകഭേദമായ ബർഗ്മാൻ സ്ട്രീറ്റില്‍ എഴ് നിറങ്ങളുണ്ട്. മെറ്റാലിക് മാറ്റെ ബ്ലാക്ക് നമ്പര്‍ 2(വൈകെസി), പേള് മിറാഷ് വൈറ്റ്, മെറ്റാലിക് മാറ്റെ ടൈറ്റാനിയം സില്‍വര്‍, പേള്‍ മാറ്റെ ഷാഡോ ഗ്രീന്‍, പേള്‍ മൂണ്‍ സ്റ്റോണ്‍ ഗ്രേ എന്നിവക്കൊപ്പം മെറ്റാലിക് മാറ്റെ സ്റ്റെല്ലര്‍ ബ്ലൂവും മെറ്റാലിക് മാറ്റെ ബ്ലാക്ക് നമ്പര്‍2(4ടിഎക്‌സ്)വും ലഭ്യമാണ്.
സുസുക്കി അവെനിസിന് കരുത്ത് പകരുന്ന അതേ അലൂമിനിയം 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ 124.3 സിസി OBD-2B കംപ്ലയിന്റ് എഞ്ചിനാണ് പുതുക്കിയ ബർഗ്മാനിനും തുടിപ്പേകുന്നത്. ഇത് 8.5 bhp പവറിൽ പരമാവധി 10 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒബിഡി-2ബി സംവിധാനമുള്ള വാഹനങ്ങളില്‍ അവ പുറന്തള്ളുന്ന മലിനീകരണവും സുരക്ഷാ സംവിധാനങ്ങളും തത്സമയം നിരീക്ഷിക്കാനും മുന്നറിയിപ്പുകള്‍ നല്‍കാനും കഴിയും.