
മഹായുദ്ധങ്ങളെക്കുറിച്ചുള്ള ഒരു അതിഭീകര ചലച്ചിത്രത്തിന്റെ ശുഭപര്യവസാനത്തെ അതേപടി പകര്‍ത്തിയതുപോലെയായിരുന്നു ഇന്ന് ഗസ്സ. 15 മാസങ്ങള്‍ക്കൊടുവില്‍ ഗസ്സയുടെ ആകാശത്തുനിന്ന് പുക പയ്യെ നീങ്ങുകയാണ്. അകലെയെങ്ങോ നിന്ന് ഭക്ഷണങ്ങളും മരുന്നുകളുമായി 600 ട്രക്കുകള്‍ പയ്യെ ഗസ്സയിലേക്ക് വരുന്നു. പുകയും പൊടിയുമടങ്ങുമ്പോള്‍, ചിരിക്കാന്‍ മറന്ന സാധാരണക്കാര്‍ തകര്‍ന്ന വീടുകള്‍ കണ്ട് നെടുവീര്‍പ്പിടുന്നു. ഹമാസ് കൈമാറിയ മൂന്ന് ബന്ദികള്‍ ഇസ്രയേലിലേക്കും ഇസ്രയേല്‍ കൈമാറിയ 90 ബന്ദികള്‍ വെസ്റ്റ്ബാങ്കിലേക്കും മടങ്ങുന്നു. കാത്തുനിന്ന പ്രിയപ്പെട്ടവരെ ആര്‍ത്തിയോടെ ആലിംഗനം ചെയ്തു. വിഷമങ്ങളും ആശ്വാസവും പരസ്പരം പങ്കുവച്ചു. ആക്രമണം അടങ്ങിയതിലും സഹോദരങ്ങള്‍ തിരിച്ചെത്തിയതിലും സന്തോഷിച്ച് ഗസ്സയിലെ ജനങ്ങള്‍ ഒത്തുചേര്‍ന്ന് പലസ്തീന്റെ പതാക വീശുന്നു. ഗസ്സയില്‍ ഇനിയും തകര്‍ന്ന് തരിപ്പണമാകാത്ത സ്ഥലങ്ങളിലെല്ലാം പതാക പാറുന്നു. 15 മാസത്തിനൊടുവില്‍ പശ്ചിമേഷ്യയുടെ മുറിവ് പയ്യെ ഉണങ്ങിത്തുടങ്ങുമ്പോള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ഇന്ന് കടന്നുപോയത് ഇങ്ങനെയെല്ലാമാണ്. (As ceasefire takes hold, Hamas returns 3 and Israel frees 90 hostages)
പ്രാദേശിക സമയം 1.30നാണ് ഇസ്രയേല്‍ 90 പലസ്തീനിയന്‍ ബന്ദികളെ വിട്ടയച്ചത്. ആക്ടിവിസ്റ്റ് ഖലിഗ ജറാറും പത്രപ്രവര്‍ത്തവ റുല ഹസാനെയ്‌നും ഉള്‍പ്പെടെയുള്ളവരാണ് മോചിപ്പിക്കപ്പെട്ടത്. വിട്ടയയ്ക്കപ്പെട്ട 90 പേരില്‍ 69 പേര്‍ സ്ത്രീകളാണ്. പലര്‍ക്കും കഠിനമായ ഏകാന്ത തടവ് അനുഭവിക്കേണ്ടി വന്നെന്നും ചികിത്സ നിഷേധിച്ചുവെന്നും പുറത്തെത്തിയ ശേഷം ബന്ദികള്‍ ആരോപിച്ചു. മൂന്ന് ഇസ്രയേലി ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. എമിലി ഡമാരി, റോമി ജോനെന്‍, ഡൊറോണ്‍ സ്റ്റെയ്ന്‍ബ്രെച്ചര്‍ എന്നിവരാണ് സ്വതന്ത്രരായത്. മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ആനന്ദിക്കുന്ന മൂവരുടേയും ദൃശ്യങ്ങള്‍ ഉള്ളുലയ്ക്കുന്നതായി.
മോചിതരായ സന്തോഷത്തില്‍ പ്രിയപ്പെട്ടവരുമായി വീഡിയോകോള്‍ ചെയ്യുന്ന ബന്ദികളുടെ കാഴ്ചകളും യുദ്ധത്തിന്റെ മുറിവില്‍ നിന്ന് ചോരവാര്‍ന്നൊഴുകുന്ന ഒരു നാടിന് തണുപ്പേകുന്നുണ്ട്. ഭയമില്ലാത്ത ഒരു ദിവസമുണരുമ്പോള്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ വെടിനിര്‍ത്തലിന്റ ആശ്വാസ കണ്ണുനീരാണ് ഓരോ കണ്ണുകളിലും. വെടിനിര്‍ത്തല്‍ സാധ്യമായതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഖത്തറിന് നന്ദി അറിയിച്ചു. അതേസമയം മണിക്കൂറുകള്‍ക്കുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ട്രംപ് ഇത് വെടിനിര്‍ത്തല്‍ തന്റെ ചരിത്രവിജയത്തിന്റെ ഫലമാണെന്നും അവകാശപ്പെട്ടു.