
2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറുന്ന ആദ്യ ടീം ആയിരിക്കുകയാണ് ജപ്പാൻ. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ ടീമുകൾ ആതിഥേയർ എന്ന നിലയിൽ ടൂർണമെന്റിന് യോഗ്യത നേടിയിരുന്നു.
മൂന്നാം റൗണ്ടിൽ ബഹ്‌റൈനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ജപ്പാൻ ലോകകപ്പിന് യോഗ്യത നേടിയത്. ഗോൾ രാഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഡൈച്ചി കമാഡയും ടെകെഫുസ കുബോയുമാണ് ഗോൾ നേടിയത്. ജപ്പാനിലെ സൈതാമ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ജയത്തോടെ ഗ്രൂപ്പില്‍ 19 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജപ്പാന്‍. അഞ്ച് മത്സരങ്ങള്‍ ജയിക്കുകയും ഒരു മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു.
മൂന്നാം റൗണ്ടിൽ 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ ലോകകപ്പിന് യോഗ്യത നേടുന്നത്. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ജപ്പാൻ അവസാന 16-ൽ എത്തിയിരുന്നു.