
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരണവുമായി വിരാട് കൊഹ്‌ലിയും ആര്‍സിബിയും. എല്ലാവരുടേയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും സംഭവം അറിഞ്ഞയുടന്‍ തന്നെ പരിപാടിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നുവെന്നും ആര്‍സിബി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രസ്താവന പുറത്തിറക്കി. വിവരിക്കാനാകാത്ത ദുഃഖമാണ് തനിക്കുണ്ടായിരിക്കുന്നതെന്ന് ആര്‍സിബിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് വിരാട് കൊഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. (virat kohli on RCB event stampede in bengaluru)
ഇന്ന് സംഭവിച്ച ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ അതീവ ദുഃഖിതരാണെന്ന് ആര്‍സിബി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് തങ്ങളും ഈ വിവരം അറിയുന്നത്. എല്ലാവരുടേയും സുരക്ഷയും ക്ഷേമവുമാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനം. മരിച്ചവര്‍ക്ക് അനുശോചനം അറിയിക്കുന്നതായും മരിച്ചവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും ആര്‍സിബി പറഞ്ഞു. വിവരമറിഞ്ഞയുടന്‍ പരിപാടിയില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും പ്രാദേശിക ഭരണകൂടത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചെന്നും പ്രസ്താവനയിലുണ്ട്. ദയവായി എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ആര്‍സിബി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.