
ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിനിടെ അത്ഭുത സിക്‌സര്‍ പറത്തി ബംഗളുരുവിന്റെ ഫില്‍ സാള്‍ട്ട്. ഗുജറാത്തിന്റെ ഓപ്പണിങ് ബൗളര്‍ ആയിരുന്ന മുഹമ്മദ് സിറാജ് എറിഞ്ഞ പന്തിനെ 105 മീറ്റര്‍ അകലേക്കാണ് ഫില്‍ സാള്‍ട്ട് അടിച്ചു പറത്തിയത്. മൈതാനത്തിന് പുറത്തേക്ക് എത്തിയ സിക്‌സര്‍ ഐപിഎല്ലിന്റെ ഈ സീസണില്‍ ഇതാദ്യമായിരുന്നു. പക്ഷേ കൂറ്റന്‍ സിക്‌സറിന്റെ ആവേശത്തിന് നിമിഷങ്ങള്‍ മാത്രമെ ആയുസ്സുണ്ടായിരുന്നുള്ളു. തൊട്ടടുത്ത പന്തില്‍ അതായത് അഞ്ചാമത്തെ ഓവറിലെ നാലാമത്തെ പന്തില്‍ ഫില്‍ സാള്‍ട്ട് ബൗള്‍ഡ് ആയി പുറത്ത് പോയി. 13 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും ഒരു സിക്‌സും അടക്കം പതിനാല് റണ്‍സായിരുന്നു സാള്‍ട്ടിന്റെ സമ്പാദ്യം.
തുടര്‍ വിജയം തേടിയെത്തിയ ആര്‍സിബിയെ ഗുജറാത്ത് ടൈറ്റന്‍സ് എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ആര്‍സിബിക്കായി ലിയാം ലിവിങ്സ്റ്റണ്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയപ്പോള്‍ ഗുജറാത്തിനായി ജോസ് ബട്ട്‌ലര്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ആറ് സിക്‌സും അഞ്ച് ഫോറും അടക്കം 39 ബോളില്‍ നിന്ന് 73 റണ്‍സാണ് പുറത്താകാതെ ജോസ് ബട്ട്‌ലര്‍ നേടിയത്. അര്‍ധ സെഞ്ച്വറി തികയാന്‍ ഒരു റണ്‍സ് അകലത്തില്‍ പുറത്തായ സായ് സുദര്‍ശനും ഗുജറാത്ത് നിരയില്‍ തിളങ്ങി.