
സാഹസിക വിനോദങ്ങള്‍ നിരോധിച്ച ഇടുക്കി അടിമാലിയില്‍ ഉത്തരവ് ലംഘിച്ച് സിപ് ലൈന്റെ പ്രവര്‍ത്തനം. എംഎം മണി എംഎല്‍എയുടെ സഹോദരന്‍ എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്‍ ആണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച മേഖലയാണിത്. ഉത്തരവ് മറികടന്നിട്ടും ജില്ലാ ഭരണകൂടം നടപടി എടുത്തിട്ടില്ല. (MM Mani MLA’s brother’s zip line operating illegally in Adimali)
അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സിപ് ലൈനെന്ന സാഹസിക വിനോദ കേന്ദ്രമാണ് ഉത്തരവ് മറികടന്ന് പ്രവര്‍ത്തിക്കുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശത്തെ സാഹസിക വിനോദങ്ങള്‍ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. മഴ കുറയുന്ന മുറയ്ക്ക് നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യം തഹസീല്‍ദാര്‍മാര്‍ക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയത്ത് പോലും തഹസീല്‍ദാര്‍ സാഹസിക വിനോദങ്ങള്‍ തുടരാമെന്ന തീരുമാനമെടുത്തിട്ടില്ല. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മറ്റെല്ലാ സിപ് ലൈനുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും ഹൈറേഞ്ച് സിപ് ലൈന്റെ പ്രവര്‍ത്തനം മാത്രം നിര്‍ബാധം തുടരുകയാണ്.https://www.youtube.com/embed/Ir_phdb6d2I?si=XVapOjTBD81kDUB7
ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് ഈ സിപ് ലൈനില്‍ കയറുന്നത്. ദേശീയപാതാ നിര്‍മാണത്തിന്റേയും മണ്ണിടിച്ചില്‍ ഭീഷണിയുടേയും പശ്ചാത്തലത്തില്‍ ഇരുട്ടുകാനം മുതല്‍ രണ്ടാംമൈല്‍ വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഈ സ്ഥലത്തുകൂടി ആളുകളെ വണ്ടിയിലെത്തിച്ചാണ് സിപ് ലൈനില്‍ കയറ്റുന്നത്. ഗുരുതര നിയമലംഘനങ്ങള്‍ നടന്നിട്ടും ജില്ലാ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണ്.