
കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ പ്രതികൾ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കോടതിയിൽ ഹാജരാക്കി. പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെടുത്ത 4 മൊബൈൽ ഫോണും ലാപ് ടോപ്പും പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. കൊലപാതക ഗൂഢാലോചന തെളിവുകൾ മൊബൈൽ ഫോണിൽ നിന്നും കിട്ടിയതായും സൂചന.
പ്രതികളായ അഞ്ചു വിദ്യാർത്ഥികളുടെ വീടുകളിലും ഒരേസമയം തന്നെ അന്വേഷണ സംഘം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആയുധങ്ങൾ കണ്ടെടുക്കാനായത്. മാരകായുധം ഉപയോഗിച്ചുകൊണ്ടായിരുന്നു ഷഹബാസിന്റെ തലയ്ക്ക് പ്രതികൾ ശക്തമായി അടിച്ചത്. അടിയിൽ തലയോട്ടി തകർന്നതാണ് മരണകാരണം. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ഷഹബാസിന്റെ തലച്ചോറിന് 70% ക്ഷതമേറ്റിരുന്നു.
ഷഹബാസിന്റെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘത്തിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പിതാവ് ഇഖ്ബാൽ വ്യക്തമാക്കിയിരുന്നു. ഒരു കുറ്റവും ചെയ്യാത്ത മകന്റെ ജീവനെടുത്ത എല്ലാ കുറ്റവാളികളെയും നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരണം. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ വരരുതെന്നും പിതാവ് പറഞ്ഞു.
അതേസമയം, പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടന്നിരുന്നുവെങ്കിലും ഇന്ന് നടത്തിയ എസ്എസ്എൽസി പരീക്ഷ പ്രതികളായ വിദ്യാർത്ഥികൾ എഴുതി. കോഴിക്കോട് വെളളിമാട് കുന്നിലെ ജുവനൈൽ ഹോമിൽ പ്രത്യേകം സജ്ജികരിച്ച സെൻ്ററിലാണ് പരീക്ഷ നടന്നത്.
പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കി. 12 മണിയോടെ പരീക്ഷ പൂര്‍ത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. തന്റെ മകൻ ആറടി മണ്ണിൽ കിടക്കുമ്പോൾ, പ്രതികൾക്ക് പരീക്ഷ എഴുതാൻ അസരം നൽകിയത് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് ഷഹബാസിന്റെ പിതാവ് ചോദിച്ചു.മാധ്യമങ്ങളോടായിരുന്നു പ്രതികരണം.
ഒന്നാം പ്രതിയുടെ പിതാവിന് ക്രിമിനൽ പശ്ചത്തലം ഉണ്ടെങ്കിലും ഷഹബാസിൻ്റെ കൊലപാതകത്തിൽ പങ്കെടുത്തതിന് തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് റൂറൽ എസ് പി കെ ഇ ബൈജു പറഞ്ഞു.