
അങ്കണവാടിയില്‍ സദാ ഉപ്പുമാവ് തന്നെ തരുന്നതില്‍ ഞങ്ങള്‍ അസ്വസ്ഥരാണ് എന്ന് ആള്‍ കേരള അങ്കണവാടിക്കുഞ്ഞുങ്ങളെ പ്രതിനിധീകരിച്ച് ആവശ്യപ്പെട്ട കൊച്ചുമിടുക്കന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഉപ്പുമാവൊക്കെ മാറ്റിയിട്ട് ഞങ്ങള്‍ക്ക് ‘ബിര്‍നാണീം പൊരിച്ച കോഴീം’ തരൂ എന്നായിരുന്നു ശങ്കുവെന്ന കുഞ്ഞിന്റെ ആവശ്യം. കുഞ്ഞിന്റെ പ്രതിഷേധം അമ്മ തന്നെ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വിഡിയോ ട്വന്റിഫോര്‍ ഏറ്റെടുത്തു. പിന്നെ നടന്നത് ചരിത്രം. (Minister Veena george on sanku viral video )
ശങ്കു നിഷ്‌കളങ്കമായി ഉന്നയിച്ച ആവശ്യം പരിഗണിക്കുമെന്നും അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുന്നത് ആലോചിക്കുമെന്നും ആരോഗ്യ, വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അങ്കണവാടിയിലെ ഭക്ഷണക്രമത്തില്‍ മുട്ടയും പാലും വിജയകരമായി ഉള്‍പ്പെടുത്താന്‍ സാധിച്ചു. കൂടുതല്‍ പരിഷ്‌കണങ്ങള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവികുളം ഗ്രാമപഞ്ചായത്തില്‍ ഒന്നാം നമ്പര്‍ അങ്കണവാടിയിലാണ് ശങ്കു പഠിക്കുന്നത്. വിഡിയോ ഷൂട്ട് ചെയ്ത കുഞ്ഞിന്റെ അമ്മയ്ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും സ്‌നേഹാഭിവാദ്യങ്ങള്‍ അറിയിക്കുന്നതായും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ശങ്കുവിന്റെ അങ്കണവാടി വിശേഷങ്ങളും നിഷ്‌കളങ്കമായ പരാതികളും പങ്കുവച്ച ട്വന്റിഫോറിന്റെ വിഡിയോ പത്തുലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ടത്. വിഡിയോ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ തുടരുകയാണ്. ഉപ്പുമാവ് മടുത്ത ശങ്കുവിനും കൂട്ടര്‍ക്കും സോയാ ബീനിട്ട ചോര്‍ വെജിറ്റബിള്‍ ബിരിയാണിയാക്കി നല്‍കി ബിരിയാണി ഇതായെന്ന് പറഞ്ഞ് നല്‍കാറുണ്ടെന്ന് ശങ്കുവിന്റെ ടീച്ചറും ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.