
മമ്മൂട്ടിയെ നായകനാക്കി മുൻപ് മലയാളത്തിൽ വേട്ടയാട് വിളയാട് പോലൊരു പോലീസ് ചിത്രം ആലോചിച്ചിരുന്നുവെന്ന് ഗൗതം മേനോൻ. മമ്മൂട്ടിയുമൊത്തുള്ള മലയാളത്തിലെ തന്റെ ആദ്യ സംവിധാന സംരംഭമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് റിലീസിനൊരുങ്ങുങ്ങുമ്പോൾ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ്, ഗൗതം മേനോൻ മലയാളത്തിൽ ആലോചിച്ച് നടക്കാതെ പോയ ആ ചിത്രത്തെ കുറിച്ച് വാചാലനായത്. 2005 ൽ മമ്മൂട്ടിയെ കാണാനും ഒരു തിരക്കഥ പറഞ്ഞു കേൾപ്പിക്കാനും അവസരം ലഭിച്ചിരുന്നു, എന്നാൽ ആ ചിത്രം നടന്നില്ല എന്ന് ഗൗതം മേനോൻ പറഞ്ഞു.
അദ്ദേഹത്തിന്റെ, വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായാ, കാഖ കാഖ, വേട്ടയാട് വിളയാട്,എന്നൈ അറിന്താൽ,തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. സംവിധാനം കൂടാതെ അഭിനയത്തിലും കൈവെച്ച ഗൗതം മേനോൻ ഡീനോ ഡെന്നീസിന്റെ സംവിധാനത്തിൽ മമ്മൂട്ടിക്കൊപ്പം, റിലീസിനൊരുങ്ങുന്ന ബസൂക്കയിൽ ഒരു പ്രധാന വേഷത്തിലഭിനയിച്ചിരുന്നു. എന്നാൽ ബസൂക്കയുടെ സെറ്റിൽ വെച്ച് ഒരുമിച്ചൊരു ചിത്രത്തെ കുറിച്ച് മമ്മൂട്ടിയുമായി ഒരു സംഭാഷണമേ ഉണ്ടായില്ല. ചിത്രീകരണം പൂർത്തിയായ സമയത്ത് ഒരു തിരക്കഥാകൃത്ത് ഗൗതം മേനോനോട് ഒരു സ്ക്രിപ്റ്റ് വിവരിച്ചു. പല നടന്മാരുടെ പേരുകൾ അവർ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇതിനു മമ്മൂട്ടിയായിരിക്കും കൂടുതൽ ചേരുക എന്നാണ് തനിക്ക് തോന്നിയത് എന്ന് ഗൗതം മേനോൻ പറയുന്നു.
തുടർന്ന് മമ്മൂട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കഥ പറയണം എന്ന് അറിയിച്ചപ്പോൾ, അടുത്ത ദിവസം തന്നെ വരാൻ പറഞ്ഞു. 2 മണിക്കൂർ കഥയെ പറ്റി ചർച്ച ചെയ്തപ്പോൾ, ആരാണ് പ്രൊഡ്യൂസർ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇൻവെസ്റ്റേഴ്സിനെ താൻ കൊണ്ടുവരാം എന്ന് പറഞ്ഞ് തിരികെ പൊന്നു. എന്നാൽ വൈകുന്നേരം മമ്മൂട്ടിയുടെ വിളി വന്നു. ചിത്രം താൻ പ്രൊഡ്യൂസ് ചെയ്‌തോളാം , 10 ദിവസത്തിനുള്ളിൽ ഷൂട്ടിങ്ങും തുടങ്ങാം എന്നും മമ്മൂട്ടി അറിയിക്കുകയായിരുന്നു.
ജനുവരി 23 ന് റിലീസിനൊരുങ്ങുന്ന ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പഴ്സിൽ മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ്,ലെന,സുഷ്മിത ഭട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.