
വിപണി നിറഞ്ഞ് ദക്ഷിണ കൊറിയൻ കമ്പനിയായ കിയയുടെ കോംപാക്ട് എസ്.യു.വിയായ സോണറ്റിന്റെ ഫെയ്സ് ലിഫ്റ്റ് മോഡൽ. കോംപാക്ട് എസ്.യു.വി ശ്രേണിയിലെ ജനപ്രിയ മോഡലായി മാറിയിരിക്കുകയാണ് സോണറ്റ്. വിപണിയിൽ അവതരിച്ചത് മുതൽ വൻ മുന്നേറ്റമാണ് സോണറ്റ് നടത്തിയത്. സോണറ്റിന്റെ ഫെയ്സ് ലിഫ്റ്റ് മോഡലിന്റെ ഒരു ലക്ഷം യൂണിറ്റുകളാണ് 2024ൽ വിറ്റഴിഞ്ഞത്. വാഹനത്തിന്റെ 10000 യൂണിറ്റുകളാണ് പ്രതിമാസം വിൽപന നടത്തുന്നതെന്ന് കിയ അറിയിച്ചു.
2020ലാണ് കിയ മോട്ടോഴ്‌സിന്റെ സോണറ്റ് ഇന്ത്യൻ വിപണിയിലെത്തിയത്. 2024 ജനുവരിയിൽ വാഹനത്തിന്റെ മുഖംമിനുക്കിയ മോഡലും കമ്പനി അവതരിപ്പിച്ചു. 22 വേരിയന്റുകളിലായാണ് സോണറ്റ് വിപണിയിലുള്ളത്. സൺറൂഫ് ഉള്ള വേരിയന്റുകളാണ് ഉപഭോക്താക്കൾക്ക് പ്രിയം. 34 ശതമാനം ഉപഭോക്താക്കളും മുൻഗണന നൽകുന്നത് ഓട്ടോമാറ്റിക് അല്ലെങ്കിൽ ഇന്റലിജൻഡ് മാനുവൽ (ഐഎംടി) ഓപ്ഷനുകൾക്കാണ്.
1.0 ലിറ്റർ പെട്രോൾ ടർബോ, 1.2 ലിറ്റർ പെട്രോൾ നാച്വറലി ആസ്പിരേറ്റഡ്, 1.5 ലിറ്റർ സി.ആർ.ഡി.ഐ. ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനിലാണ് സോണറ്റ്. ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് ഐ.എം.ടി, ആറ് സ്പീഡ് ഓട്ടോമാറ്റിക്-മാനുവൽ, അഞ്ച് സ്പീഡ് മാനുവൽ എന്നിങ്ങനെ അഞ്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് സോണറ്റിനുള്ളത്. 7 നിറങ്ങളിലുമാണ് കിയ സോനെറ്റ് ലഭ്യമാകുന്നത്.
ആകർഷകമായ രൂപ ഭംഗിയും മികച്ച വിലയുമായി ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കോംപാക്ട് എസ്.യു.വികളിൽ ഒന്നാണ് സോണറ്റ്. 7.99 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 10 ഓട്ടോണമസ് ഫീച്ചറുകളുള്ള അഡാസ് പാക്ക് ഉൾപ്പെടെ 25 സുരക്ഷാ ഫീച്ചറുകളാണ് കിയ സോണറ്റിനുള്ളത്. ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്.യു.വി 3XO എന്നീ മോഡലുകളാണ് പ്രധാന എതിരാളികൾ.