
വിടാമുയർച്ചി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് നടൻ അജിത്ത് കുമാറിനുണ്ടായ വാഹനാപകടം സിനിമാലോകത്ത് അമ്പരപ്പോടെയായിരുന്നു അറിഞ്ഞത്. ചിത്രത്തിന്റെ അപ്പ്ഡേറ്റിനായി അക്ഷമരായി കാത്തിരുന്ന ആരാധകരെ തേടിയെത്തിയത് സെറ്റിൽ താരത്തിനുണ്ടായ അപകടം വിവരമാണ്.
ഒരു ചേസ് രംഗം ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോൾ അജിത്ത് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കീഴ്മേൽ മറിഞ്ഞു. അജിത്തിനൊപ്പം വാഹനത്തിൽ ആരവ് എന്ന നടനും ഉണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആ പേടിപ്പെടുത്തുന്ന അനുഭവം തുറന്നു പറയുകയാണ് ആരവ്.
“സീൻ ചിത്രീകരിക്കുന്നതിനാൽ സീറ്റ് ബെൽറ്റ് ഇടാൻ അനുവാദം ഇല്ലായിരുന്നു, പക്ഷെ അജിത്ത് സാർ പറഞ്ഞു കൊണ്ടേയിരുന്നു സീറ്റ് ബെൽറ്റ് ഇടണമെന്ന്, എന്നാൽ അതിനു സാധിക്കാത്തതിനാൽ സീറ്റുമായി ബന്ധിപ്പിച്ച ഒരു ഹാർണസ് മാത്രമായിരുന്നു ഇട്ടത്. വണ്ടി മറിഞ്ഞതും അടുത്ത നിമിഷം മുതൽ അജിത്ത്, സാർ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നത് ഞാൻ ഓക്കേ ആണോ, ഓക്കേ ആണോ എന്നായിരുന്നു. അദ്ദേഹം അടുത്ത നിമിഷം തന്നെ എന്നെ രക്ഷിക്കാനായി, സൈഡിൽ ഉള്ള ഗ്ലാസ്സ് ഇടിച്ചു പൊട്ടിച്ച് പുറത്തുകടന്നു. അപ്പോഴേക്കും സെറ്റിൽ ഉണ്ടായിരുന്നവരെല്ലാം ഓടി അടുത്തെത്തി എന്നെ പുറത്തെത്തിച്ചു, അല്ലേൽ അദ്ദേഹം മറിഞ്ഞ വാഹനത്തിനുള്ളിലേക്ക് കയറിയേനെ”. ആരവ് പറയുന്നു.
ഇന്നലെ സൺ ടീവിയിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ബിടിഎസ് ഓഫ് ടെറൈൻ ആൻഡ് ടഫ്‌നസ്സ് എന്ന പേരിൽ ഇറക്കിയിരിക്കുന്നത് വിഡിയോയിൽ സെറ്റിലെ അപകടം അടക്കം ചിത്രത്തിലെ സാഹസികമായ പല ആക്ഷൻ രംഗങ്ങളുടെയും മേക്കിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ വിടാമുയർച്ചി ടീം പുറത്തു വിട്ടിരിക്കുന്ന AK ആന്തം എന്ന ഗാനവും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.