
മലയാള സിനിമയുടെ ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2024. മലയാളത്തിലെ എക്കാലത്തെയും വലിയ 10 ഹിറ്റുകളില്‍ ആറെണ്ണവും തിയറ്ററുകളിലെത്തിയത് ഈ വര്‍ഷമാണ്. നാല് നായകന്മാര്‍ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയതും ഇതേ വര്‍ഷം തന്നെ.
ഫഹദ് ഫാസില്‍, പൃഥ്വിരാജ്, നസ്‍ലെന്‍, ആസിഫ് അലി എന്നിവര്‍ക്കാണ് ഈ വര്‍ഷം മലയാളത്തില്‍ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകള്‍ സംഭവിച്ചത്. വര്‍ഷാവസാനമെത്തിയ മറ്റൊരു ചിത്രം നിലവില്‍ ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ ആണ് അത്. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ഓപണിംഗ് (10.8 കോടി) ആണ് ചിത്രം നേടിക്കൊടുത്തത്.
പൃഥ്വിരാജിന്‍റെ ദീര്‍ഘകാലത്തെ അധ്വാനത്തിനുള്ള പ്രതിഫലം ആടുജീവിതത്തിലൂടെ പ്രേക്ഷകര്‍ നല്‍കി. സോളോ ഹീറോ ആയി പൃഥ്വിയുടെ കരിയറിലെ ബിഗസ്റ്റ് ഹിറ്റ് ആണ് ചിത്രം. 157 കോടിയാണ് ചിത്രം നേടിയത്.
മറുഭാഷാ പ്രേക്ഷകര്‍ക്കും ഇപ്പോള്‍ പ്രിയങ്കരനായ ഫഹദിന് മലയാളത്തില്‍ ഏറ്റവും വലിയ ഹിറ്റ് ലഭിച്ചത് ഈ വര്‍ഷമാണ്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിലൂടെ. ചിത്രം 154 കോടി നേടി. ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാണ് പ്രേമലു. മോളിവുഡിന്‍റെ വളര്‍ന്നുകൊണ്ടിരിക്കുന്ന ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ എത്രയാണെന്ന് ഇന്‍ഡസ്ട്രിയെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രം. 137 കോടി നേടിയ ചിത്രം തമിഴ്, തെലുങ്ക് പ്രേക്ഷകരുടെയും ശ്രദ്ധ നേടി.
കിഷ്കിന്ധാ കാണ്ഡത്തിലൂടെ ആസിഫ് അലിക്കും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഈ വര്‍ഷം ലഭിച്ചു. 76 കോടിയാണ് കിഷ്കിന്ധയുടെ ലൈഫ് ടൈം. ദുല്‍ഖര്‍ സല്‍മാന് കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് നേട്ടം ഉണ്ടായതും ഈ വര്‍ഷമാണ്. എന്നാല്‍ അത് തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെയാണെന്ന് മാത്രം.
ബേസില്‍ ജോസഫ് അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും വലിയ പണംവാരിപ്പടവും ഈ വര്‍ഷമാണ്. ഗുരുവായൂരമ്പല നടയില്‍ ആണ് ആ ചിത്രം. എന്നാല്‍ സോളോ ഹീറോ ചിത്രങ്ങളുടെ ബ്രാക്കറ്റില്‍ ഇത് പെടില്ല. 91 കോടി ആയിരുന്നു ഈ ചിത്രത്തിന്‍റെ കളക്ഷന്‍.