
മാർവൽ ആരാധകരുടെ കുട്ടിക്കാലം മനോഹരമാക്കിയ കോമിക്ക്സ് ഹീറോകളായ ഫന്റാസ്റ്റിക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു. ഇതുവരെ 4 ചിത്രങ്ങൾ ഈ കോമിക്ക്‌സിനെ ആസ്പദമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. 2005, 2007 വർഷങ്ങളിൽ ഇറങ്ങിയ ഫന്റാസ്റ്റിക്ക് ഫോർ ചിത്രങ്ങൾ വിജയമായിരുന്നുവെങ്കിലും, പിന്നീട് പുതിയ അഭിനേതാക്കളെ വെച്ച് 2015ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തിയിരുന്നു.
ഇപ്പോൾ വീണ്ടും പുതിയ താരങ്ങളുമായി മാർവലിന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ഭാഗമായെത്തുന്ന ഫന്റാസ്റ്റിക്ക് ഫോർ ഫസ്റ്റ് സ്റ്റെപ്പ്സ് ആരാധകർ ഈ വർഷം ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. സുഹൃത്തുക്കളായ നാല് ബഹിരാകാശ സഞ്ചാരികൾക്ക് ഒരു ദൗത്യത്തിനിടയിൽ ഗാമാ കിരണങ്ങൾ ഏൽക്കുകയും നാല് പേർക്കും നാല് വ്യത്യസ്ത അത്ഭുത ശക്തികൾ കൈവരുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
പെഡ്രോ പാസ്‌ക്കൽ, വെനേസ കിർബി, ജോസഫ് ക്വിൻ, എബോൺ മോസ്‌ക്ക് മോർച്ചർക്ക്, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂലൈ 25 ന് റിലീസ് ചെയ്യും. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന പുതിയ അവേഞ്ചേഴ്‌സ് ചിത്രം അവേഞ്ചേഴ്‌സ് : ഡൂംസ് ഡേയിൽ ഫന്റാസ്റ്റിക്ക് ഫോർ താരങ്ങളുടെ കാമിയോ ഉണ്ടാകും എന്ന് റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിൽ സൂപ്പർ വില്ലൻ കഥാപാത്രം ഗലാക്റ്റസ് ആയെത്തുന്നത് റാൽഫ് ഇനെസൺ ആണ്. എന്നാൽ ഗലാക്റ്റസിന്റെ ലുക്ക് അണിയറപ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിലില്ല. ഇതിനു മുൻപുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്‌റ്റെപ്‌സിന്റെ കഥ നടക്കുന്നത് 1960കളിൽ ആണ് എന്നത് ശ്രദ്ധേയമാണ്.