പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. പുറത്താക്കിയ നടപടി നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി എറണാകുളം സബ് കോടതിയെയാണ് സമീപിച്ചത്. അച്ചടക്കം ലംഘിച്ചു എന്ന കാരണം കാണിച്ച് സാന്ദ്രതയെ കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്. (expulsion from the Producers Association: Sandra Thomas in court)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസ് അസോസിയേഷനെ സമ്മര്‍ദ്ദത്തില്‍ ആക്കുന്ന പ്രതികരണങ്ങള്‍ സാന്ദ്രയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഇതിനുപുറമേ അസോസിയേഷനിലെ അംഗങ്ങളായ ആന്റോ ജോസഫ്, ബി രാഗേഷ്, സന്ദീപ് മേനോന്‍, ലിസ്റ്റിന്‍, സിയാദ് അടക്കമുള്ളവര്‍ക്കെതിരെ സാന്ദ്ര തോമസ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനിടെ തനിക്കെതിരെ ലൈംഗിക അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായി എന്നായിരുന്നു പരാതി. പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര പ്രതികരിച്ചിരുന്നു. അതേസമയം, നിലവിലെ വിവാദത്തില്‍ പ്രതികരിക്കേണ്ടതില്ല എന്നാണ് ഫിലിം പ്രൊഡ്യൂസേഴസ് അസോസിയേഷന്റെ തീരുമാനം.