
പാൻ ഇന്ത്യൻ ഹിറ്റുകളായ കെജിഎഫിന്റെയും, സലാറിന്റെയും വിജയത്തിന് ശേഷം പ്രശാന്ത് നീൽ ജൂനിയർ NTR നെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 2026 ജനുവരി 26 റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിക്കുന്നത്. നിർമ്മാതാക്കൾ തന്നെയാണ് ഷൂട്ടിങ് സെറ്റിന്റെ ചിത്രം പങ്കുവെച്ച്, വാർത്ത ആരാധകരെ അറിയിച്ചത്.
‘ഇന്ത്യൻ സിനിമയുടെ ചരിത്രപുസ്തകങ്ങളിൽ അടയാളം ഇടാൻ, മണ്ണ് അതിൻ്റെ ഭരണത്തെ സ്വാഗതം ചെയ്യുന്നു’ എന്ന ക്യാപ്‌ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്ഷന്റെയും ആവേശത്തിന്റെയും ഒരു പുതിയ അല ജനങ്ങളിലേക്ക് അടിക്കാൻ പോകുന്നു, എന്നും പോസ്റ്റിനു കീഴിൽ അണിയറപ്രവർത്തകർ കുറിച്ചിട്ടുണ്ട്.
ചിത്രത്തിൽ നായികയാകുന്നത് ‘സപ്ത സാഗര ധാച്ചേ യെല്ലോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രുക്മിണി വാസന്ത് ആണ്. ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ ടോവിനോ തോമസും, ബിജു മേനോനും എത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ജൂനിയർ NTRനൊപ്പമുള്ള ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ പ്രഭാസിന്റെ സലാർ 2 വിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. വമ്പൻ കളക്ഷൻ നേടിയെങ്കിലും സലാറിന് സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. അതിനാൽ രണ്ടാം ഭാഗം ആരാധകരെ നിരാശരാക്കാതെ കൂടുതൽ ഗംഭീരം ആക്കാൻ താൻ കഠിനമായി അധ്വാനിക്കും എന്നാണ് പ്രശാന്ത് നീൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.