പാലക്കാട് നഗരസഭയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയെന്ന് സന്ദീപ് വാര്യർ. അടുത്ത മുനിസിപ്പൽ തെരെത്തെടുപ്പിൽ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനാണ്. കെ സുരേന്ദ്രൻ രാജിവെയ്ക്കാതെ കേരളത്തിൽ ബിജെപി രക്ഷപെടില്ല. പക്ഷെ അയാൾ രാജിവെക്കേണ്ട, ബിജെപി ഇങ്ങനെത്തന്നെ പോട്ടെ. സന്ദീപ് ചീള് കേസാണെന്ന് പറഞ്ഞ ടീമാണ്. കെ സുരേന്ദ്രന്റെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളേയും അടിച്ചുപുറത്താക്കി ചാണക വെള്ളം തളിച്ച് ശുദ്ധീകരിക്കാതെ ബിജെപി രക്ഷപ്പെടാൻ പോകുന്നില്ലെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു
ഇവിടെ പാൽ സൊസൈറ്റി ഇലക്ഷൻ നടത്തിയാലും സി കൃഷ്ണകുമാർ എന്ന നിലയിലാണെന്നും അദ്ദേഹം പരിഹസിച്ചു. കൃഷ്‌ണകുമാറും ഭാര്യയുമാന് പാലക്കാട്ടെ ബിജെപിയെന്ന് എഴുതിക്കൊടുത്ത നേതൃത്വമാണ് ഈ പരാജയത്തിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ലീഡ് നില മാറിമറിയുന്നു. പോസ്റ്റൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവിൽ പാലക്കാട് ലീഡ് ചെയ്യുന്നത്. വാശിയേറിയ പോരാട്ടത്തിനാണ് പാലക്കാടൻ മണ്ണ് സാക്ഷിയാകുന്നത്. ഏഴ് റൗണ്ടുകൾ പൂർത്തിയാകുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ചെയ്യുന്നത്. 14 റൗണ്ട് ആണ് പാലക്കാട് എണ്ണാനുള്ളത്.