
ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് തരംഗം സൃഷ്ടിക്കാനൊരുങ്ങി സൊമാറ്റോ. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു പുതിയ AI (കൃത്രിമ ബുദ്ധി) അധിഷ്ഠിത കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. [Zomato’s Nugget]
‘നഗ്ഗറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് വളരെ വേഗത്തിൽ മറുപടി നൽകാനും അതുപോലെ പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കും. നഗ്ഗറ്റ് സൊമാറ്റോയുടെ ഭക്ഷണ വിതരണ ബിസിനസ്, ക്വിക്ക് കൊമേഴ്‌സ് വെർട്ടിക്കൽ ബ്ലിങ്കിറ്റ്, ഹൈപ്പർപ്യുർ എന്നിവയെ ശക്തിപ്പെടുത്തുന്നു.
ഈ മാസം ആദ്യം സൊമാറ്റോയുടെ പേര് എറ്റേണൽ ലിമിറ്റഡ് എന്ന് മാറ്റാനുള്ള അനുമതി ലഭിച്ചിരുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ, ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റിന് കീഴിലുള്ള ഗോ-ഔട്ട് ഓഫറുകൾ, ബിസിനസ്-ടു-ബിസിനസ് ഗ്രോസറി സപ്ലൈ വെർട്ടിക്കൽ ഹൈപ്പർപ്യുർ എന്നിങ്ങനെ കമ്പനിയുടെ നാല് ബിസിനസുകൾ എറ്റേണലിൽ ഉണ്ടാകും.
സാധാരണയായി കസ്റ്റമർ കെയർ പ്രതിനിധികൾ ചെയ്യുന്ന ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും, ലളിതമായ അന്വേഷണങ്ങൾക്ക് തൽക്ഷണം മറുപടി നൽകാനും നഗ്ഗറ്റിന് കഴിയും. ഇത് ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കും, ഒപ്പം കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കസ്റ്റമർ കെയർ ജീവനക്കാർക്ക് സമയം ലഭിക്കുകയും ചെയ്യും. അതുപോലെ, എല്ലാ ഓപ്പറേഷനുകളും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കാനും നഗ്ഗറ്റ് സഹായിക്കുമെന്നും സൊമാറ്റോ ചീഫ് എക്‌സിക്യൂട്ടീവ് ദീപീന്ദർ ഗോയൽ പറഞ്ഞു.