
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റ് ലോക കപ്പിനുള്ള യോഗ്യത മത്സരത്തില്‍ നാണക്കേടിന്റെ പുതി റെക്കോര്‍ഡിട്ട് ഐവറി കോസ്റ്റ്. ആഫ്രിക്കന്‍ സബ് റീജിയനില്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന യോഗ്യത മത്സരത്തില്‍ സി ഗ്രൂപ്പില്‍ ഐവറികോസ്റ്റ് ഏറ്റുമുട്ടിയത് നൈജീരിയയോട് ആയിരുന്നു. ഈ മത്സരത്തില്‍ വെറും ഏഴ് റണ്‍സിനാണ് ഐവറി കോസ്റ്റ് ടീമിം മുഴുവന്‍ പുറത്തായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നൈജീരിയ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഐവറി കോസ്റ്റിന്റെ താരങ്ങള്‍ ഒന്നൊന്നായി വീഴുന്ന കാഴ്ചക്കാണ് ലാഗോസിലെ തഫാവ ബലേവ സ്‌ക്വയര്‍ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത്. അഞ്ച് റണ്‍സ് പോലും തികച്ച് എടുക്കാനില്ലാത്ത ടോപ്പ് സ്‌കോററും ഈ മത്സത്തില്‍ പിറന്നുവെന്നതും ഒരു റെക്കോര്‍ഡ് ആയേക്കാം. നാല് റണ്‍സെടുത്ത ഔട്ടാര മുഹമ്മദാണ് ഐവറി കോസ്റ്റിന്റെ ‘ടോപ്പ് സ്‌കോറര്‍’. മൂന്ന് താരങ്ങള്‍ ഓരോ റണ്‍സ് വീതം എടുത്ത ഇന്നിങ്‌സില്‍ ഏഴ് താരങ്ങള്‍ ഡക്ക് ആയി. 7.3 ഓവറില്‍ ആണ് ഏഴ് റണ്‍സ് എന്നത് ഐവറി കോസ്റ്റിന്റെ ക്രിക്കറ്റ് രംഗത്തെ ദയനീയത വെളിവാക്കുന്നതായി. ട്വന്റി ട്വന്റി ചരിത്രത്തില്‍ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഒരു ടീം ഒറ്റ അക്കമുള്ള റണ്‍സില്‍ എല്ലാവരും പുറത്താകുന്നത്. 53 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയ നൈജീരിയന്‍ താരം സലിം സലൗ ആണ് പ്ലയര്‍ ഓഫ് ദ മാച്ച്.
സിംഗപ്പൂരിനെതിരെ മംഗോളിയയും സ്‌പെയിനിനെതിരെ ഐല്‍ ഓഫ് മാനും പത്ത് റണ്‍സിന് ഓള്‍ ഔട്ടായെന്ന റെക്കോര്‍ഡ് തോല്‍വി തിരുത്തിയാണ് ഇതിന് മുമ്പുണ്ടായിരുന്ന കുറഞ്ഞ സ്‌കോറുകള്‍ ഐവറികോസ്റ്റ് പഴങ്കഥയാക്കിയത്. 264 റണ്‍സിന് ഐവറി കോസ്റ്റിനെ തകര്‍ത്തതോടെ വമ്പന്‍ വിജയങ്ങളുടെ പട്ടികയില്‍ നൈജീരിയ മൂന്നാമതായി ഇടം പിടിച്ചു. കഴിഞ്ഞ മാസം ഗാംബിയക്കെതിരെ സിംബാബ്വെ നേടിയ 290 റണ്‍സ് വിജയമാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വലിയ സ്‌കോര്‍ വിജയപട്ടികയില്‍ ഒന്നാമതുള്ളത്.