ടാൽകം പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചെന്ന പരാതിയിൽ ജോൺസൺ ആൻ്റ് ജോൺസൺ കമ്പനി നഷ്ടപരിഹാരം നൽകാൻ വിധി. കമ്പനിയുടെ ടാൽകം പൗഡഡ ഉപയോഗിച്ച് മെസോതെലിയോമ എന്ന കാൻസർ രോഗം ബാധിച്ചെന്ന യുവാവിൻ്റെ പരാതി ശരിവെച്ചാണ് അമേരിക്കൻ കോടതി 15 ദശലക്ഷം കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ഇന്ത്യൻ രൂപയിൽ 124 കോടി രൂപ വരും ഈ തുക.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ബേബി പൗഡറാണ് താൻ വർഷങ്ങളോളം ഉപയോഗിച്ചതെന്നും ഇത് ശ്വസിച്ച് തനിക്ക് രോഗം ബാധിച്ചെന്നുമായിരുന്നു അമേരിക്കൻ പൗരൻ്റെ പരാതി. 2021 ൽ ഇദ്ദേഹം പരാതിയുമായി രംഗത്ത് വന്നത് വൻ വിവാദമായിരുന്നു. ആസ്ബറ്റോസ് അടങ്ങിയ ബേബി പൗഡറാണ് കമ്പനി വിറ്റതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇത് കോടതിയും ശരിവെച്ചതോടെയാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
അതേസമയം കോടതി ശിക്ഷിച്ചിട്ടും ആരോപണം നിഷേധിക്കുകയാണ് ജോൺസൺ ആൻ്റ് ജോൺസൺ കമ്പനി. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കമ്പനി അറിയിച്ചു. അതേസമയം ഏതാണ്ട് 62000 ത്തോളം പരാതികൾ കമ്പനിക്കെതിരെ അമേരിക്കയിലെ വിവിധ കോടതികളിലായി നിലവിലുണ്ട്.