‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല
അവര്‍ നിന്നെ നിശബ്ദനാക്കിയില്ല
നീ മൂകനല്ല
നിന്റെ കരുത്തും ആവേശവും
ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു
അവര്‍ക്കു ഞങ്ങളെ തടയാനാകില്ല,
പ്രിയ സഖാവേ….’
കൂത്തുപറമ്പ് വെടിവെപ്പിന്റെ വാര്‍ഷിക വേളയില്‍ പുഷ്പന് തന്റെ സഖാക്കള്‍ സമ്മാനിച്ച ഫലകത്തിലെ വരികളായിരുന്നു ഇത്. 29 വര്‍ഷം ജീവിക്കുന്ന രക്തസാക്ഷിയായി പാര്‍ട്ടി സമ്മേളനങ്ങളിലും വേദികളിലും സഞ്ചരിച്ച് പുതുതലമുറയിലെ പ്രവര്‍ത്തകര്‍ക്ക് ആവേശമായ പുഷ്പന്റെ ജീവിതത്തിന്റെ അര്‍ഥമാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ ഈ വരികളില്‍ കുറിച്ചത്. തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നിന്നിരുന്ന പുഷ്പനെന്ന ചെമ്പനിനീര്‍പൂവ് ഒരിക്കല്‍ പോലും തന്റെ പ്രസ്ഥാനത്തെ തള്ളിപ്പറയുകയോ വിധിയെ പഴിക്കുകയോ ചെയ്തിരുന്നില്ല. ഒരു നാടിന്റെ തേങ്ങലും ഏങ്ങലും ഉയിരും ഉശിരുമൊക്കെയായി ഇത്രയും കാലം അദ്ദേഹം ജീവിച്ചു.
1994 നവംബര്‍ 25, സ്വാശ്രയ കോളേജിനെതിരായ സമരം ആളിക്കത്തിക്കൊണ്ടിരിക്കുന്ന കാലം. ഡിവൈഎഫ്‌എൈ പ്രവര്‍ത്തകര്‍ ഉജ്വല പ്രക്ഷോഭവുമായി കൂത്തുപറമ്പില്‍ രംഗത്തിറങ്ങി. അന്ന് 24 വയസായിരുന്നു പുഷ്പന്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നതിനിടയില്‍ നാട്ടില്‍ അവധിക്ക് എത്തിയ സമയം. സഖാക്കള്‍ക്കൊപ്പം സമരത്തില്‍ പുഷ്പനും അണിചേര്‍ന്നു. സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാന്‍ കൂത്തുപറമ്പിലെത്തിയ മന്ത്രി എം വി രാഘവന് നേരെ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതോടെ പൊലീസ് ലാത്തി വീശി. വെടിവെപ്പുണ്ടായി. അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായപ്പോള്‍ പുഷ്പന്‍ ഗുരുതരമായി പരിക്കേറ്റ്, ശരീരം തളര്‍ന്ന അവസ്ഥയില്‍ ജീവിക്കുന്ന രക്തസാക്ഷിയായി.
Advertisement
പിന്നീട് ചികിത്സയും മരുന്നുമായി വേദന കടിച്ചമര്‍ത്തിയുള്ള നിരന്തര യാത്രയായിരുന്നു പുഷ്പന്റെ ജീവിതം. തളര്‍ന്ന ശരീരവുമായി ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും സമ്മേളന വേദികളില്‍ നിരന്തരം സഞ്ചരിച്ചിരുന്ന പുഷ്പന്‍ പാര്‍ട്ടിയുടെ യുവ പോരാളികള്‍ക്ക് മുന്നില്‍ തുറന്നു വച്ചത് പോരാട്ടത്തിന്റെയും സമരത്തിന്റെയും ശക്തമായൊരു ചരിത്രമായിരുന്നു. അന്തരിച്ച കോടിയേരിയെ കാണാന്‍ പ്രവര്‍ത്തകരുടെ തോളിലേറി വന്ന പുഷ്പന്‍ അന്നത്തെ നൊമ്പരക്കാഴ്ചയായി. തൊണ്ടപൊട്ടുമാറുച്ചത്തില്‍ അന്ന് കോടിയേരിക്കായി മുദ്രാവാക്യം വിളിച്ച ഓരോ പ്രവര്‍ത്തകരും സ്വയം പുഷ്പനാവുകയായിരുന്നു. കൂത്തുപറമ്പ് സമരവും രക്തസാക്ഷികളും അധിക്ഷേപിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ശക്തമായ പ്രതിരോധമായി പുഷ്പന്‍ മാറി. മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പു ജീവിതത്തിനൊടുവിലാണ് പുഷ്പന്‍ വിട പറഞ്ഞത്.
ഡിവൈഎഫ്‌ഐ നിര്‍മിച്ച വീട്ടില്‍ തന്നെയായിരുന്നു പുഷ്പന്റെ താമസം. പാര്‍ട്ടി പ്രവര്‍ത്തകരുടെ തീര്‍ത്ഥാടന കേന്ദ്രം പോലെ ദിവസവും നിരവധി സന്ദര്‍ശകര്‍ പുഷ്പനെ കാണാനെത്തും. അണികള്‍ക്കാവേശമായി അവരെ നോക്കി പുഷ്പനങ്ങനെ കിടക്കും. എംവി രാഘവനോടുള്ള പാര്‍ട്ടിയുടെ സമീപനം മാറിയിട്ടും നിലപാടുകള്‍ മാറിയിട്ടും ഒരക്ഷരം പോലും പ്രസ്ഥാനത്തിനെതിരെ അദ്ദേഹം സംസാരിച്ചില്ല, അയാള്‍ അടിമുടി പാര്‍ട്ടിയായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി മാത്രം ജീവിച്ച മനുഷ്യന്‍.