
ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി കളക്ഷന്‍ വിവാദത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന. ചിത്രം പരാജയപ്പെട്ടുവെന്ന് പറഞ്ഞിട്ടില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ വിശദീകരണം. പുറത്തുവിട്ടത് തിയറ്റര്‍ കളക്ഷന്‍ വിവരങ്ങള്‍ മാത്രമാണെന്നും സിനിമയുടെ മുതല്‍ മുടക്ക് സംബന്ധിച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും അറിയിച്ച തുകയാണ് പറഞ്ഞതെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തത വരുത്തി. (producers association respond to Kunchacko Boban’s criticism)
കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട കണക്കുകളില്‍ താന്‍ അഭിനയിച്ച ചിത്രമായ ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി സംബന്ധിച്ച വിവരങ്ങള്‍ ശരിയല്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കണക്കുകളില്‍ വ്യക്തത വരുത്തി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. ചിത്രം നിര്‍മിക്കാന്‍ ചെലവായത് 13 കോടിയും തിരികെ ലഭിച്ചത് 11 കോടിയും എന്ന കണക്ക് ശരിയല്ലെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാദം.
തിയറ്ററുകളില്‍ വലിയ സ്വീകരണം ലഭിച്ച ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി. ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ‘നായാട്ട്’, ‘ഇരട്ട’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ജിത്തു അഷ്‌റഫാണ് ചിത്രത്തിന്റെ സംവിധാനം. ‘ഇരട്ട’ സിനിമയുടെ സഹസംവിധായകനായിരുന്നു ജിത്തു അഷ്‌റഫ്. ഷാഹി കബീറാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ജോസഫ്’, ‘നായാട്ട്’ തുടങ്ങിയ സിനിമകളുടെ തിരക്കഥ ഒരുക്കിയതും ഷാഹി കബീറാണ്. ‘പ്രണയവിലാസ’ത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഈ സിനിമ വിതരണം ചെയ്തിരുന്നത്.