
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ജമ്മുകാശ്മീരിനെ തോല്‍പ്പിച്ച് കേരളം സെമിഫൈനലില്‍ പ്രവേശിച്ചു. 72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. ഒരു കളിയില്‍ പോലും തോല്‍ക്കാതെയാണ് കേരളം അവസാന നാലിലേക്ക് എത്തിയത്. ഞായറാഴ്ച്ച നടക്കുന്ന സെമിഫൈനലില്‍ കരുത്തകായ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. വൈകീട്ട് ഏഴരക്കാണ് മത്സരം.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. 71-ാം മിനിറ്റില്‍ കോച്ച് ബിബി തോമസ് വരുത്തിയ മാറ്റമാണ് മത്സരം ഫലം മാറ്റുന്നതിലേക്ക് വഴിമരുന്നായത്. 71-ാം മിനിറ്റില്‍ അസ്ലമിനെയും അജ്സലിനേയും പിന്‍വലിച്ച് അര്‍ജുനും മുഷ്റഫും ഇറങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ജോസഫ് ജസ്റ്റിന്‍ അര്‍ജുനെ ലക്ഷ്യംവെച്ച് പോസ്റ്റിലേക്ക് ചിപ് ചെയ്ത പന്ത് കശ്മീര്‍ ഡിഫന്‍ഡര്‍ ആതര്‍ ഇര്‍ഷാദ് ക്ലിയര്‍ ചെയ്തത് ബോക്സിലുണ്ടായിരുന്ന നസീബ് റഹ്‌മാന് നേര്‍ക്ക്. നെഞ്ചില്‍ പന്ത് നിയന്ത്രിച്ച് നസീബ് തൊടുത്ത വോളി വലയില്‍ കയറുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമെ ജമ്മു കശ്മീര്‍ കീപ്പര്‍ സാധിക്കുമായിരുന്നുള്ളു. ഗോള്‍ വീണതിന് പിന്നാലെ തിരിച്ചടിക്കാന്‍ ജമ്മു ശ്രമിച്ചെങ്കിലും ക്യാപ്റ്റന്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം കാശ്മീരിന്റെ അവസരങ്ങളുടെയെല്ലാം മുനയൊടിച്ചു.