
എടുക്കാത്ത വായ്പയ്ക്ക് വന്ന തിരിച്ചടവ് നോട്ടീസിന്റെ പേരിൽ വർഷങ്ങളായി കേരള ബാങ്ക് കയറി ഇറങ്ങുകയാണ് തിരുവനന്തപുരത്ത് ഒരു യുവാവ്. കാട്ടാക്കട നാൽപ്പറക്കുഴി സ്വദേശി റെജിയാണ് കേരള ബാങ്ക് കാട്ടാക്കട ശാഖയിൽ നിന്ന് അയക്കുന്ന നോട്ടീസിന്റെ പേരിൽ നിയമയുദ്ധം നടത്തുന്നത്. 2008ൽ റെജിയുടെ പേരിൽ ബാങ്ക് ജീവനക്കാരിൽ ആരോ എടുത്ത വ്യാജ വായ്പയാണ് കുരുക്കായത്.
നാൽപ്പറക്കുഴിയിൽ ഇലക്ട്രോണിക്സ് കട നടത്തുകയാണ് റെജി. 2006ൽ ബിസിനസ് ആവശ്യത്തിനായി അന്നത്തെ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് അമ്പതിനായിരം രൂപ വായ്പ എടുത്തിരുന്നു. ഡെയിലി കളക്ഷൻ എഗ്രിമെൻറിലായിരുന്നു വായ്പ. 2007ൽ റെജിക്ക് മലേഷ്യയിൽ ജോലി കിട്ടി. പോകുന്ന സമയം 6000 രൂപ മാത്രമാണ് തിരിച്ചടക്കാൻ ബാക്കി ഉണ്ടായിരുന്നത്. മലേഷ്യയിൽ എത്തി രണ്ടുമാസം കഴിഞ്ഞ് അമ്മക്ക് പണം അയച്ച് നൽകി ലോൺ ക്ലോസ് ചെയ്തു. എന്നാൽ ബാങ്കിംഗ് രീതിയെ കുറിച്ച് പരിജ്ഞാനമില്ലാത്ത അമ്മ ലോൺ ക്ലോസ് ചെയ്ത റെസീപ്റ്റ് വാങ്ങിയില്ല. ഇത് മുതലെടുത്താണ് അന്നുണ്ടായിരുന്ന ജീവനക്കാർ തട്ടിപ്പ് നടത്തിയത്. ആദ്യം വ്യാജ ഒപ്പിട്ട് അമ്പതിനായിരം രൂപ വായ്പ എടുത്തത് 2007 ഓഗസ്റ്റിൽ. ഈ സമയം റെജി മലേഷ്യയിൽ ആയിരുന്നു.
തട്ടിപ്പിലൂടെ എടുത്ത വായ്പ ആദ്യം തിരിച്ചടച്ചു. രണ്ടുമാസങ്ങൾക്ക് ശേഷം വിദേശത്തെ ജോലി മതിയാക്കി റെജി നാട്ടിലെത്തി. 2008 ജനുവരിയിൽ റെജിയുടെ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് വീണ്ടും അമ്പതിനായിരം രൂപ വായ്പയെടുത്തു. ഇത് തിരിച്ചടച്ചില്ല. 2010ൽ നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടന്നകാര്യം അറിയുന്നത്.
അന്നത്തെ ജില്ലാ സഹകരണ ബാങ്ക് ഇന്ന് കേരള ബാങ്കാണ്. ഇപ്പോൾ പലിശയും പിഴ പലിശയും ചേർത്ത് ഒരു ലക്ഷത്തി 89,000 രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ബാങ്കിൽ അന്നുണ്ടായിരുന്ന ഭരണസമിതിയോ ജീവനക്കാരോ ആരും ഇപ്പോൾ നിലവിൽ ഇവിടില്ല. പണം തിരച്ചടക്കണമെന്ന നിലപാടിലാണ് കേരള ബാങ്കും.