
ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ യൂട്യൂബിലും ടെലഗ്രാമിലും പ്രചരിക്കുന്നതായി പരാതി. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്‌കോട്ടിലെ പായൽ മെറ്റേണിറ്റി ഹോമിൽ ചികിത്സയ്ക്കായെത്തിയ സ്ത്രീകൾക്ക് കുത്തിവെയ്പ്പ് എടുക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്ന് അഹമ്മദാബാദ് സൈബർ ക്രൈം പൊലിസ് അറിയിച്ചു.
മേഘ എംബിബിഎസ് എന്ന യൂട്യൂബ് ചാനൽ ആണ് ടെലഗ്രാം ലിങ്കുകൾ ഉൾപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ അഞ്ചുലക്ഷം ആൾക്കാർ വീഡിയോ കണ്ടതായാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിഡിയോകൾ ടെലഗ്രാമിൽ പങ്കുവെച്ചതായും പിന്നീട് 2025 ജനുവരി 6 ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതായും സൈബർ ക്രൈം സംഘം കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിയിലെ സിസിടിവി ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ,എങ്ങനെ ആണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നും ,പൊലിസ് അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നുമാണ് സംഭവത്തിൽ ആശുപത്രി അധികൃതരുടെ പ്രതികരണം.
ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ആശുപത്രി ജീവനക്കാരെയും പൊലിസ് സംഘം ചോദ്യം ചെയ്തുവരികയാണ്. വീഡിയോ ചോർച്ചയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും , ആശുപത്രിയുടെ സിസിടിവി ഹാക്ക് ചെയ്യപ്പെട്ടതാണോ തുടങ്ങിയ വിവരങ്ങൾ അന്വേഷിക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേൽ പറഞ്ഞു.സ്വകാര്യത ഉറപ്പാക്കാൻ സർക്കാർ ആശുപത്രികളിൽ സിസിടിവികൾ സ്ഥാപിക്കാറില്ലെന്നും, ഇതേ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരാണ് വിഡിയോകൾ എടുത്തതെന്നും ,എന്തിനുവേണ്ടിയാണ് പ്രചരിപ്പിച്ചതെന്നുമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും , സൈബർ ക്രൈം ഐടി ആക്ടിലെ 66E, 67 വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്തതായും പൊലിസ് അറിയിച്ചു.