
ഒരു സഹപ്രവർത്തകയായ നടിയിൽ നിന്നുണ്ടായ ഒരു മോശം പ്രസ്താവനയെ പുരസ്കാരനിശയിൽ പരസ്യമായി വിമർശിച്ച് നടി സിമ്രാൻ. JFW അവാർഡ് നിശയിൽ അന്തകൻ എന്ന ചിത്രത്തിലെ വേഷത്തിന് പുരസ്കാരം സ്വീകരിച്ച വേളയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു സഹപ്രവർത്തകയായ നടിക്ക് അവരുടെ പ്രകടനത്തെ അഭിനന്ദിച്ച് ‘താങ്കളെ ആ വേഷത്തിൽ പ്രതീക്ഷിച്ചില്ല’ എന്ന് മെസേജ് ചെയ്തപ്പോൾ, അവർ മറുപടി പറഞ്ഞത് ‘ആന്റി വേഷം ചെയ്യുന്നതിലും നല്ലത് ഇതാണെന്ന് അവർ പറഞ്ഞുവെന്ന് സിമ്രാൻ പറഞ്ഞു.
“അത്രക്കും മര്യാദയില്ലാത്ത ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നെയില്ലായിരുന്നു, ഒരു പ്രസ്കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകൾ ചെയ്യുന്നതിലും, റോളേ ഇല്ലാതിരിക്കുന്നതിലും എത്രയോ നല്ലതാണ്, എന്തെങ്കിലും അർത്ഥമുള്ളൊരു ആന്റി റോളോ ‘അമ്മ വേഷമോ ചെയ്യുന്നത്. അവരുടെ ആ വർത്തമാനം എന്നെ വല്ലാതെ വേദനിപ്പിച്ചു, ഞാനത് അർഹിക്കുന്നേയില്ല, ഞാനിന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അതൊറ്റയ്ക്ക് നേടിയെടുത്തതാണ്” സിമ്രാൻ പറയുന്നു.
എന്നാൽ സിമ്രാന്റെ പ്രസംഗത്തിൽ സൂചിപ്പിച്ച ‘ഡബ്ബ’ റോൾ എന്ന വാക്കിൽ പിടിച്ചുകൊണ്ട് ആരാധകർ കമന്റ് ചെയ്യുന്നത് സിമ്രാൻ ഉദ്ദേശിച്ചത് ജ്യോതികയെ ഉദ്ദേശിച്ചാണെന്നാണ്. ജ്യോതിക അടുത്തിടെ ഹിന്ദിയിൽ അഭിനയിച്ച ‘ഡബ്ബാ കാർട്ടൽ’ എന്ന സീരീസ് ഉദ്ദേശിച്ചാണ് സിമ്രാൻ പ്രസംഗത്തിൽ അങ്ങനെയൊരു വാക്കുപയോഗിച്ചതത്രേ. എന്നാൽ സിമ്രാൻ ആരെയാണ് ഉദ്ദേശിച്ചതെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അഭിനയ ജീവിതം ആരംഭിച്ച് 30 വർഷം പിന്നിട്ട സിമ്രാൻ 1995 മുതൽ 10 വർഷത്തിലധികം തെന്നിന്ത്യയിലെ മുൻനിര നായികാ നടിയായിരുന്നു. പിന്നീട് പ്രാധാന്യം കുറഞ്ഞ റോളുകളിലും സഹനടിയായുമെല്ലാം സിമ്രാൻ സ്‌ക്രീനിലെത്തിയിരുന്നു. സമീപ കാലത്ത് ശക്തമായ തിരിച്ചു വരവ് നടത്തിയ സിമ്രാൻ മഹാൻ എന്ന ചിത്രത്തിൽ ചിയാൻ വിക്രത്തിന്റെ നായികയായും ധ്രുവ് വിക്രത്തിന്റെ കഥാപാത്രത്തിന്റെ അമ്മയായും അഭിനയിച്ചിരുന്നു.
ശശികുമാറിനൊപ്പം അഭിനയിച്ച ടൂറിസ്റ്റ് ഫാമിലിയിലെ വേഷവും തല അജിത്ത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിയിലെ അതിഥി വേഷവുമെല്ലാം ഏറെ പ്രശംസകൾ നടിക്ക് നേടിക്കൊടുത്തു. അന്ധാധുൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ അന്ധഗാനിൽ സിമ്രാൻ ചെയ്ത വില്ലത്തിയുടെ വേഷത്തിനുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ടാണ് താരം പ്രസംഗിച്ചത്. സിമ്രാന്റെ പ്രസംഗത്തിന്റെ സമയം വേദിയിൽ പാർവതി തിരുവോത്ത്, കീർത്തി സുരേഷ്, നിഖില വിമൽ, സ്വാസിക, അമല പോൾ, കൃതി ഷെട്ടി, ദുഷാര, ഗ്രേസ് ആന്റണി, ശ്രീ ഗൗരിപ്രിയ എന്നീ താരങ്ങളുമുണ്ടായിരുന്നു.