
സിനിമ ജീവിതത്തിലെ നേട്ടങ്ങൾക്ക് ശേഷം തന്റെ റേസിംഗ് കരിയറിലെ അതുല്യ നേട്ടം കൈവരിച്ച നടൻ അജിത്ത് കുമാറിന് അഭിനന്ദനങ്ങളുമായി നടൻ മാധവൻ. 24മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ താരം മൂന്നാമതായി ഫിനിഷ് ചെയ്ത് ചരിത്ര വിജയം നേടിയത് അജിത്ത് ആരാധകർ ആഘോഷമാക്കുകയും ചെയ്തു. തന്റെ ഏറ്റവും പ്രിയപ്പെട്ട പാഷനായ റേസിംഗ് എന്ന മരണപ്പാച്ചിൽ നടത്തുന്ന കാറുകളുടെ ലോകത്തേക്ക് നീണ്ട 13 വർഷങ്ങൾക്ക് ശേഷമായിരുന്നു അജിത്ത് എത്തിയത്. അജിതിന്റെ വിജയത്തിന് പിന്നാലെ അഭിനന്ദനം അറിയിച്ച് നടൻ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
‘നിങ്ങളെ കുറിച്ചോര്‍ത്ത് ഏറെ അഭിമാനമുണ്ട്. എന്തൊരു മനുഷ്യനാണ് താങ്കൾ. ഒരേയൊരു അജിത് കുമാര്‍’ എന്ന് മാധവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു, ഒപ്പം അജിതിനെ ആലിംഗനം വീഡിയോയും മാധവന്‍ പങ്കുവെച്ചു. ചിത്രത്തിൽ അജിത്ത് കയ്യിൽ ഇന്ത്യന്‍ പതാക മുറുകെ പിടിച്ചിട്ടുണ്ട്.
റേസിംഗ് പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത് വലിയ വാർത്തയായിരുന്നു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആയിരുന്നു അപകടത്തിൽ പെടുമ്പോൾ അജിത്ത് ഓടിച്ച കാറിന് വേഗം. ബാരിക്കേഡില്‍ ഇടിച്ച കാര്‍ മുന്‍വശം തകര്‍ന്ന് വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. പക്ഷെ സാരമായ പരിക്കുകളൊന്നുമില്ലാത്തതുകൊണ്ട് അജിത്ത് മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
താരത്തിന്റെ മത്സരം കാണാൻ ഭാര്യ ശാലിനിയും മകള്‍ അനൗഷ്‌കയും എത്തിയിരുന്നു. വിജയം വരിച്ചെത്തിയ അജിത്തിനെ ആലിംഗനം ചെയ്ത് ചുംബിച്ചുകൊണ്ടായിരുന്നു ശാലിനി സ്വീകരിച്ചത്.