
RRR ന് ശേഷം വീണ്ടുമൊരു വമ്പൻ ചിത്രവുമായി എത്തിയിരിക്കുകയാണ് രാം ചരൺ തേജ. ‘ഉപ്പെന്ന’ എന്ന ചിത്രത്തിന് ശേഷം ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പെഡിയുടെ ഷോട്ട് ഗ്ലിംപ്സ് ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് രാം ചരണിന്റെ നായികയാകുന്നത്.
എന്നും ഒരേ പോലെ ജോലി ചെയ്യാനോ, ഒരേ പോലെ ജീവിക്കാനോ ആണോ ഇത്രയും വലിയ ജീവിതമുള്ളത്? ചെയ്യേണ്ടതെല്ലാം നമ്മൾ ഇവിടെയുള്ളപ്പോൾ തന്നെ ചെയ്തിരിക്കണം. ഇനി നമ്മൾ ജനിക്കുവോ എന്തോ” എന്ന ഡയലോഗ് പറഞ്ഞുകൊണ്ട് പാഞ്ഞു വരുന്ന പന്തടിച്ചു പറത്തുന്ന രാം ചരണിന്റെ കഥാപാത്രത്തെയാണ് ടീസറിൽ കാണിച്ചിരിക്കുന്നത്.
രാം ചരണിനും, ജാൻവി കപൂറിനും ഒപ്പം വിജയ് സേതുപതിയും തൃഷയും പെഡിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സും, രംഗസ്ഥലം, പുഷ്പ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ സുകുമാറും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ്.
ആർ രത്നവേലു ഐ.എസ്.സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് നവിൻ നൂലിയാണ്. രാംചരണിന്റെ ലുക്കും ടീസർ തരുന്ന ഫീലും അല്ലു അർജുന്റെ പുഷ്പയെ ഓർമ്മിപ്പിക്കുന്നുണ് ചില ആരാധകർ കമന്റ് ചെയ്തത്. ടീസറിന് ഇതിനകം യൂട്യൂബിൽ 3 കോടി 60 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.