
ഇന്ത്യൻ കാർ വിപണി ഉണർവിലാണ് ഇപ്പോൾ. ഇവി വിപണി പിടിമുറുക്കാൻ നിരവധി കമ്പനികളാണ് മത്സരരംഗത്തുള്ളത്. അന്താരാഷ്‌ട തലത്തിൽ ഹിറ്റടിച്ച മറ്റൊരു ഇലക്ട്രിക് വാഹന നിർമാതാക്കൾ കൂടി ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനൊരുങ്ങുന്നത്. ജീപ്പിന്റേയും സിട്രണിന്റെയും എല്ലാം മാതൃകമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സബ്-ബ്രാൻഡായ ലീപ്മോട്ടോറാണ് ഇന്ത്യൻ വിപണിയിൽ സാന്നിധ്യം അറിയിക്കാൻ എത്തുന്നത്.
ഓസ്‌ട്രേലിയ, മലേഷ്യ, ന്യൂസിലാൻഡ്, റൊമാനിയ, ഫ്രാൻസ്, ഇറ്റലി, നേപ്പാൾ, തായ്‌ലൻഡ് തുടങ്ങി ചില രാജ്യങ്ങളിൽ ലീപ്‌മോട്ടോർ ഇതിനകം സാന്നിധ്യമറിയിച്ചിട്ടുണ്ട്. T03, B10, C10, C10 റീവ് എന്നിങ്ങനെ നാല് ഇലക്ട്രിക് കാറുകളാണ് ബ്രാൻഡിനുള്ളത്. എന്നാൽ ഇതിൽ ഏത് വാഹനമാകും ഇന്ത്യൻ വിപണിയിൽ എത്തുകയെന്നത് തീരുമാനമായിട്ടില്ല. ലീപ്മോട്ടറിന്റെ എൻട്രി ലെവൽ കാറായ T03 ഇവി ഇന്ത്യൻ സാഹചര്യങ്ങൾ പറ്റിയ വണ്ടിയാണെന്നാണ് അനുമാനം.
ഒറ്റ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കാ T03. 37.3 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വെറും 36 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. 12.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. KDDI 3.0 വോയ്സ് റെക്കഗ്നിഷനും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളുമുള്ള ബ്രാൻഡിന്റെ ഒഎസ് ഇന്റലിജന്റ് കാർ സംവിധാനവും ലീപ്മോട്ടോർ T03 ഹാച്ച്ബാക്കിലുണ്ട്.
5-സീറ്റർ C10 ഇലക്ട്രിക് എസ്‌യുവിയും സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഇവി ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. 69.9 kWh ബാറ്ററി പായ്ക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. WLTP സൈക്കിളിൽ ലീപ്മോട്ടോർ C10 ഇലക്ട്രിക് എസ്‌യുവിയിൽ 423 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. 7.5 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ C10 ഇവിക്കാവും.